അമ്മയെ കഴുത്തുഞെരിച്ച് ബോധം കെടുത്തിയ ശേഷം ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകനെതിരെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. വീട് വിറ്റ് കിട്ടിയ പണം കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. കൂടാതെ, പ്രതിയായ വിഷ്ണു ചെറുപ്പം മുതലേ ലഹരിക്ക് അടിമയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കിഴക്കേ കോടാലി കൊള്ളിക്കുന്നില്‍ അതിയാരന്‍ കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഉപ്പുഴി വീട്ടില്‍ ചാത്തുണ്ണിയുടെ ഭാര്യ ശോഭനയാണ് (55) കൊല്ലപ്പെട്ടത്.
ഒരുമാസം മുമ്പാണ് ഇവര്‍ കൊള്ളിക്കുന്നില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്. അതിന് മുമ്പ് ഇവര്‍ താമസിച്ചിരുന്ന സ്ഥലവും വീടും വിറ്റ് അഞ്ച് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഈ പണം വിഷ്ണു പലതവണ ശോഭനയോട് ആവശ്യപ്പെട്ടുവെങ്കിലും കൊടുത്തില്ല. വൈകീട്ടും ഇതിനെ ചൊല്ലി അമ്മയും മകനും തര്‍ക്കമുണ്ടായി. ഈ സമയം അച്ഛന്‍ ചാത്തൂട്ടി കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു. ഇതിനിടിയില്‍ അമ്മയുടെ കഴുത്ത് ഞെരിച്ചതോടെ ബോധരഹിതയായി വീണു. ഇതിന് ശേഷം തലയില്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ടടിച്ച് വിഷ്ണു മരണം ഉറപ്പാക്കി.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് കൊലപാതകം നടന്നത്. കൃത്യം നടത്തിയ ശേഷം ടാങ്കര്‍ ലോറി ഡ്രൈവറായ വിഷ്ണു വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതിയുമായി പൊലീസ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതകവിവരം അയല്‍ക്കാര്‍ പോലും അറിയുന്നത്.