തൃശൂര്‍ കുന്നംകുളത്ത് സ്വത്ത് തട്ടിയെടുക്കാനായി മകള്‍ അമ്മയെ വിഷം നല്കി കൊലപ്പെടുത്തി. പാറ്റയെ കൊല്ലാന്‍ ഉപയോഗിക്കുന്ന കീടനാശിനി ചായയില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. അച്ഛനെയും മകള്‍ കൊല്ലാന്‍ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. അച്ഛന് വിഷം നല്‍കിയെങ്കിലും രക്ഷപ്പെട്ടു. കീഴൂര്‍ സ്വദേശിനി ഇന്ദുലേഖയാണ് അച്ഛനും അമ്മയ്ക്കും വിഷം നല്കി കൊല്ലാന്‍ ശ്രമിച്ചത്. അമ്മയുടേയും അച്ഛന്റേയും പേരിലുള്ള 14 സെന്റ് ഭൂമിയും വീടും കൈക്കലാക്കാനായിരുന്നു മകളുടെ ഈ ക്രൂര നീക്കം.
വിഷം കലര്‍ത്തിയതിനാല്‍ രുചി വ്യത്യാസം തോന്നിയ അച്ഛന് ചന്ദ്രന് ചായ കുടിച്ചില്ല. അതേ സമയം ചായ കുടിച്ച അമ്മ രുഗ്മിണി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. തിങ്കളാഴ്ചയാണ് രുഗ്മിണി മരിച്ചത്.
രുഗ്മിണിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് വിഷാംശം കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നവരെ വിളിച്ച് പൊലീസ് ചോദ്യം ചെയ്തു.
ചായയിലെ രുചി മാറ്റവും വീട്ടിലെ കീടനാശിനിയുടെ സാന്നിധ്യവും അച്ഛന് പറഞ്ഞതോടെയാണ് ആ വഴിക്ക് അന്വേഷണം നീണ്ടത്. ചോദ്യം ചെയ്യലില്‍ ഇന്ദുലേഖ ഇത് സമ്മതിക്കുകയായിരുന്നു. 17-ാം തിയതിയാണ് രുഗ്മിണിക്ക് വിഷം കൊടുത്തത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 19ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
അച്ഛനും അമ്മയ്ക്കും കുട്ടികള്‍ക്കും ഒപ്പം കീഴൂരിലാണ് ഇന്ദുലേഖ താമസിച്ചിരുന്നത്. ഭര്‍ത്താവ് വിദേശത്താണ്. ഇന്ദുലേഖയ്ക്ക് എട്ട് ലക്ഷം രൂപ കടം ഉണ്ടായിരുന്നു. ഇത് തീര്‍ക്കാനായി അമ്മയുടേയും അച്ഛന്റേയും പേരിലുളള വീടും 14 സെന്റ് ഭൂമിയും കൈക്കലാക്കുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
ബുധനാഴ്ച കസ്റ്റഡിയിലെടുത്ത ഇന്ദുലേഖയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇതിനൊപ്പം 8 ലക്ഷം രൂപയുടെ കടം ഇന്ദുലേഖക്ക് എങ്ങനെ ഉണ്ടായെന്നും ഇതിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നതും പോലീസ് അന്വേഷിച്ചു വരികയാണ്.