വിപണ സമ്മര്‍ദ്ദം കാരണം ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ 4.66 കോടി ഓഹരികള്‍ ജീവനക്കാര്‍ക്കുള്ള വിഹിതമായി എക്സൈസ് വിലയ്ക്ക് അനുവദിച്ചു. ഇന്നലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ ഫയലിംഗില്‍ ആണ് ജീവനക്കാര്‍ക്ക് 4,65,51,600 ഇക്വിറ്റി ഷെയറുകള്‍ അനുവദിക്കുന്നതിന് അംഗീകാരം നല്‍കിയതായി അറിയിച്ചത്.
രണ്ടുദിവസത്തിനിടെ കമ്പനിയുടെ ഓഹരി വിലയില്‍ 21ശതമാനമാണ് ഇടിവുണ്ടായത്. നിലവിലെ ഓഹരി വില പ്രകാരം അനുവദിച്ച ഓഹരികളുടെ മൊത്തം മൂല്യം 193 കോടി രൂപയാണ്. ഓഹരിയൊന്നിന് 41 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ജൂലായ് 26നാണ് ജീവനക്കാര്‍ക്ക് 4,65,51,600 ഓഹരികള്‍ നല്‍കുന്നതായി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചത്. കമ്പനിയിലെ 78ശതമാനത്തോളം വരുന്ന(613 കോടി) ഓഹരികള്‍ക്ക് ബാധകമായിരുന്ന നിര്‍ബന്ധിത കാലാവധി (ലോക്ക് ഇന്‍ പിരിയഡ്) ജൂലായ് 23ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വന്‍തോതില്‍ വിറ്റൊഴിയല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനുപിന്നാലെയാണ് കനത്ത വില്പന സമ്മര്‍ദം സൊമാറ്റോയുടെ ഓഹരി നേരിട്ടത്.
അതേസമയം, ഇന്ന് സൊമാറ്റോയുടെ ഓഹരികള്‍ ബിഎസ്ഇയില്‍ 5 ശതമാനം ഉയര്‍ന്ന് 43.60 എന്ന നിലയിലെത്തി. ഇന്നലെ പ്രമോട്ടര്‍മാര്‍ക്കും ഓഹരി ഉടമകള്‍ക്കും ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും വേണ്ടിയുള്ള ഒരു വര്‍ഷത്തെ ലോക്ക്-ഇന്‍ അവസാനിച്ചതിനാല്‍ സൊമാറ്റോയുടെ ഓഹരികള്‍ 13 ശതമാനത്തിലധികം ഇടിഞ്ഞ് റെക്കോര്‍ഡ് താഴ്ന്ന നിലയിലെത്തി.

