നാട്ടുവൈദ്യന്‍ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യ ഫസ്‌ന കൈപ്പഞ്ചേരിയെ പൊലീസ് പിടികൂടിയത് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ.
കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവയില്‍ ഇവരുടെ പങ്ക് വ്യക്തമായതോടെയാണ് അറസ്റ്റ് ചെയ്തത്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആയ ഫസ്‌ന ഇവിടെ നിന്നും ഒളിവില്‍പോകാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.
ഷാബാ ഷരീഫിനെ ഒളിവില്‍ പാര്‍പ്പിച്ച നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടിലെ സ്ഥിരം താമസക്കാരിയാണു ഫസ്‌ന.ഷാബാ ഷെരീഫിനെ മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ച സമയത്ത് ഫസ്നയും ഷൈബിന്‍ അഷറഫും ഇവിടെ താമസിച്ചിരുന്നു. ഷാബാ ഷെരിഫിനെ വീട്ടിലെ മുറിയില്‍ തടവിലിട്ട് പീഡിപ്പിക്കുന്ന കാര്യം ഫസ്‌നയ്ക്ക് അറിയാമായിരുന്നു. പലതവണ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്‌തെങ്കിലും ഇതൊന്നും വെളിപ്പെടുത്തിയില്ല. ഫസ്‌നയ്ക്കു കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും തെളിവു നശിപ്പിക്കാന്‍ മറ്റു പ്രതികളെ സഹായിച്ചുവെന്നും അന്വേഷണസംഘം പറയുന്നു.
ഷാബാ ഷരീഫിന്റെ മൃതദേഹം വെട്ടി കഷണങ്ങളാക്കി പാലത്തില്‍നിന്നു ചാലിയാര്‍ പുഴയിലേക്ക് ഒഴുക്കിയ ദിവസം രാത്രി ഫസ്‌നയും ഷൈബിനും മകന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. ഫസ്നയെ പലപ്രാവശ്യം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും സഹകരിച്ചിരുന്നില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ഒരു വര്‍ഷത്തോളം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചശേഷമാണ് മൈസൂര്‍ സ്വദേശിയായ നാട്ടുവെദ്യനെ കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റിലാണ് മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ, വ്യവസായിയായ നിലമ്പൂര്‍ മുക്കട്ട ഷൈബിന്‍ അഷ്റഫും സംഘവും തട്ടിക്കൊണ്ടു വന്നത്.
മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോര്‍ത്താനായിരുന്നു ഇത്. ഒരു വര്‍ഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യന്‍ മരുന്നിന്റെ രഹസ്യം പറഞ്ഞുകൊടുത്തില്ല. 2020 ഒക്ടോബറില്‍ മര്‍ദ്ദനത്തിനിടെ ഷാബാ ഷരീഫ് മരിച്ചു.മൃതദേഹം കഷണങ്ങളാക്കി ചാലിയാറിൽ തള്ളാൻ ഷൈബിൻ അഷ്‌റഫ് കൂട്ടുകാരുടെ സഹായം തേടി. ഇവർക്ക് പ്രതിഫലം നൽകാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും നൽകിയില്ല. 2022 ഏപ്രിൽ 24ന് ഈ കൂട്ടുപ്രതികളും ഷൈബിൻ അഷ്‌റഫിനെ ബന്ദിയാക്കി പണം കവർന്നു. വൈദ്യന്റെ മൃതദേഹം വെട്ടിമുറിക്കാൻ സഹായിച്ചവരും അവരുടെ കൂട്ടാളികളും ആയിരുന്നു കവർച്ചയ്ക്ക് പിന്നിൽ. കവർച്ചയിൽ പരാതിയുമായി ഷൈബിൻ പോലീസിനെ സമീപിച്ചു. ഇതോടെ കവർച്ചക്കേസിലെ പ്രതികളായ മൂന്നു പേർ തിരുവനന്തപുരത്ത് എത്തി സെക്രട്ടേറിയറ്റിന് മുന്നിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ജീവൻ അപകടത്തിലാണെന്നും ഷൈബിനിൽനിന്ന് വധഭീഷണി ഉണ്ടെന്നും ഇവർ പറഞ്ഞു.
പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കൊലപാതക രഹസ്യം ഇവർ വെളിപ്പെടുത്തി. ഇവർ നൽകിയ പെൻഡ്രൈവിൽ നിന്ന് വൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടി. കേസില്‍ മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫ്, മൃതദേഹം പുഴയിലെറിയാല്‍ സഹായിച്ച വയനാട് സ്വദേശികളായ ഷിഹാബുദ്ദീന്‍, നൗഷാദ്, നിലമ്പൂര്‍ സ്വദേശി നിഷാദ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.