ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിൽ തിരിച്ചറിഞ്ഞു. മലയമ്മ പാറമ്മല്‍ പൂലോത്ത് ഹുസ്‌നി മുബാറക്കി (17)നെയാണ് ഈ മാസം നാലാം തിയ്യതി തിങ്കളാഴ്ച വൈകുന്നേരം കയത്തില്‍ അകപ്പെട്ട് കാണാതായത്.കണ്ണൂര്‍ റീജേണല്‍ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം പോലീസിന് കൈമാറി.ഇന്നു തന്നെ സംസ്‌കരിക്കും.
ഹുസ്നി മുബാറക്കിന്റെശരീരഭാഗങ്ങൾ രണ്ട് ദിവസം മുൻപ് കണ്ടെടുത്തിരുന്നു. രണ്ടു കൈകളും മറ്റു ചില ശരീര ഭാഗങ്ങളുമാണ് കാളിയാംപുഴ കാപ്പിച്ചുവട് പുഴയുടെ ഭാഗത്തുനിന്നും കണ്ടെത്തിയത്.
പതിനേഴു ദിവസമായി ഹുസ്നി മുബാറക്കിനായി തിരച്ചിൽ നടത്തിവരികയായിരുന്നു. ഹുസ്നി മുബാറക് ഒഴുക്കിൽപ്പെട്ട സ്ഥലത്തുനിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ച സ്ഥലം. പുഴയിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്നു പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.