കെ.കെ.രമ എംഎല്‍എയ്‌ക്കെതിരെ നടത്തിയ പ്രതികരണത്തില്‍ ഒരു ഖേദവുമില്ലെന്നും പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സിപിഎം നേതാവ് എം.എം.മണി. ഒരു നാക്കുപിഴയുമില്ല, പറഞ്ഞത് മുഴുവനാക്കാന്‍ സമ്മതിച്ചിരുന്നുവെങ്കില്‍ ഈ പ്രശ്നം ഉണ്ടാവുമായിരുന്നില്ല. അവരുടെ വിധി ആണെന്നാണ് താന്‍ പറഞ്ഞത്. മാപ്പ് പറയാന്‍ മാത്രമൊന്നും താന്‍ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോട് പറഞ്ഞാല്‍ പരാമര്‍ശം പിന്‍വലിക്കാമെന്നും എംഎം മണി പ്രതികരിച്ചു.
കഴിഞ്ഞ ഒരുവര്‍ഷവും നാലുമാസവുമായിട്ട് നിയമസസഭയില്‍ നിരന്തരം സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിയെ വ്യക്തിപരമായും തോജോവധം ചെയ്ത് സംസാരിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇന്നലെ നിയസമഭയില്‍ രമ പറഞ്ഞ ശേഷം സംസാരിക്കാനായിരുന്നു തനിക്ക് അവസരം ലഭിച്ചത്. അവരുടെ സംസാരത്തിന് ശേഷം അത്തരത്തില്‍ ഒരു മറുപടി കൊടുക്കണമെന്ന് തോന്നി. അതുകൊണ്ടാണ് അങ്ങനെ സംസാരിച്ചത്. അവര്‍ ഇത്രയും നാള്‍ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞിട്ടും ഞങ്ങള്‍ ഒന്നും മിണ്ടിയില്ല.
രമയ്ക്കെതിരെ സംസാരിച്ചത് ശരിയാണെന്ന് തന്നെയാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. അതില്‍ ഒരു ഖേദവും തനിക്കില്ല. തന്റെ പ്രസംഗം തുടങ്ങിയപ്പോള്‍ ഒരുമഹതി എന്ന് പറഞ്ഞപ്പോള്‍ തന്നെ പ്രതിപക്ഷനിരയില്‍ നിന്ന് ബഹളം തുടങ്ങി. അതിനിടെ അവരുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഒരാള്‍ അവര്‍ വിധവയല്ലേയെന്ന് പറഞ്ഞു. ആരാണ് പറഞ്ഞതെന്ന് എനിക്കോര്‍മ്മയില്ല. വിധവയായത് അവരുടെ വിധിയെന്ന് താന്‍ പറഞ്ഞു. അപ്പോള്‍ അതാണ് നാക്കില്‍ വന്നത്. അതില്‍ വലിയ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
കേരള നിയസഭയില്‍ മുഖ്യമന്ത്രി, മന്ത്രി, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികള്‍ മാത്രമാണ് ഉള്ളത്. നിയമസഭയില്‍ രമയ്ക്ക് എന്തെങ്കിലും പ്രത്യേക റിസര്‍വേഷന്റെ കാര്യം ഇല്ലെന്ന് തോന്നിയതുകൊണ്ടാണ് താന്‍ അങ്ങനെ പറഞ്ഞത്. പിന്നെ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് പാര്‍ട്ടി തീരുമാനമെടുത്തല്ല. അന്നേ ആ കൊലപാതകത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞതാണ്. തനിക്ക് അവരോടും വിദ്വേഷം ഇല്ലെന്നും അവരുടെത് നിര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും മണി പറഞ്ഞു.

