റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് അവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. 34 വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ സുപ്രീംകോടതി സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
സിദ്ദുവിന്റെ ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. വാക്കാല്‍ ഉന്നയിച്ച ആവശ്യം കേള്‍ക്കാന്‍ വിസമ്മതിച്ചതിനാല്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അപേക്ഷ നല്‍കുമെന്ന് സിദ്ദുവിന്റെ അഭിഭാഷകര്‍ അറിയിച്ചു.
സിദ്ദുവിന് വേണ്ടി കോടതിയില്‍ ഹാജരായത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ മനു അഭിഷേക് സിംഘ്വിയാണ്. വിധി പുറത്തുവന്ന ശേഷം താന്‍ കീഴടങ്ങുമെന്ന് സിദ്ദു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് കൂടുതല്‍ സമയം കീഴടങ്ങാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.