കുന്ദമംഗലം നിയോജകമണ്ഡലത്തിലെ രണ്ട് പട്ടികജാതി കോളനികളുടെ നവീകരണ പ്രവര്‍ത്തികള്‍ക്ക് 2 കോടി രൂപയുടെ ഭരണാനനുമതി ലഭ്യമാക്കിയതായി പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കല്ലറ കോളനി, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടപറമ്പ് കോളനി എന്നിവക്കാണ് 1 കോടി രൂപ വീതം അനുവദിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക ലഭ്യമാക്കിയിട്ടുള്ളത്.
റോഡുകള്‍, വൈദ്യുതീകരണം, കുടിവെള്ളം, സാനിറ്റേഷന്‍, വീട് പുനരുദ്ധാരണം, കളിസ്ഥലം, ബയോഗ്യാസ് പ്ലാന്റ്, മാലിന്യ നിര്‍മ്മാര്‍ജ്ജനം, വരുമാനദായക പദ്ധതികള്‍, കാര്യശേഷി വികസന പരിപാടികള്‍, വനിതകളുടെ സ്വയം സഹായ സംഘങ്ങള്‍ വഴിയുള്ള സൂക്ഷ്മ സംരംഭങ്ങള്‍ തുടങ്ങിയവക്കായാണ് ഇപ്പോള്‍ അനുവദിച്ച തുക വിനിയോഗിക്കുകയെന്നും എം.എല്‍.എ പറഞ്ഞു.

