മുംബൈ നഗരത്തിൽ കനത്ത മഴ. ഈ വർഷം ഇത് മൂന്നാം തവണയാണ് മുംബൈ നഗരം വെള്ളപ്പൊക്കത്തിൽ വലയുന്നത്. നഗരത്തിലും അടുത്ത ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 200 മില്ലി മീറ്റർ മഴയാണ് നഗരത്തിലെ മിക്ക ഭാഗങ്ങളിലും രേഖപ്പെടുത്തിയത്.
റെയിൽ ഗതാഗത്തെ മഴ വലിയ തോതിൽ ബാധിച്ചതോടെ നഗര ജീവിതം ദുഷ്കരമായി.നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താനെ, പൽഗാർ എന്നീ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂർ കൂടി നഗരത്തിലും അടുത്ത പ്രദേശങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദമാണ് മഴക്ക് കാരണമായത്.