ഭീഷ്മപർവ്വം’ എന്ന സിനിമയും ‘ബിലാലും’ തമ്മിൽ കഥ കൊണ്ടും അവതരണ ശൈലി കൊണ്ടും യാതൊരു സാമ്യതയും ഉണ്ടാകില്ലെന്ന് മമ്മൂട്ടി. ഇരു സിനിമകളും തീർത്തും വ്യത്യസ്തമായിരിക്കുമെന്ന്
ഭീഷ്മപർവ്വത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ മമ്മൂട്ടി പറഞ്ഞു.
‘ഇത് വേറെ തരം വെടിക്കെട്ടാണ്. ബിലാലുമായി കഥയിലോ മേക്കിങിലോ യാതൊരു സാമ്യതുമില്ല. വേണമെങ്കിൽ ഈ രണ്ടു സിനിമകളുടെയും കഥാപശ്ചാത്തലം മട്ടാഞ്ചേരി ആണെന്ന് പറയാം. അതിനപ്പുറം കഥയുമായോ കഥാ സന്ദർഭങ്ങളുമായോ യാതൊരു ബന്ധവുമില്ല. ബിലാൽ വന്നാൽ അത് തീർത്തും വ്യത്യസ്തമായിരിക്കും’, മമ്മൂട്ടി പറഞ്ഞു.
ഭീഷ്മപര്‍വ്വത്തിനു മുന്‍പ് അമല്‍ നീരദിന്റെ ബിലാല്‍ ആണ് ചര്‍ച്ചയായതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ ഭീഷ്മപര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു.
അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായ ഭീഷ്മപർവ്വം മാർച്ച് മൂന്നിനാണ് റിലീസ് ചെയ്യുന്നത്.
ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിക്ക് പുറമെ ചിത്രത്തിൽ തബു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, ലെന, ശ്രിൻഡ, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാർവ്വതി തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യാം ആണ് നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വിവേക് ഹർഷൻ. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.