റിലീസിന് പിന്നാലെ ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ ദിലീഷ് പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ജോജി’. ഒരു ശ്രീലങ്കൻ ടെലി ഫിലിം കാരണം സിനിമ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുകയാണ്.
സിരസ ടിവി എന്ന ശ്രീലങ്കൻ ചാനലിൽ പ്രദർശിപ്പിക്കുന്ന ‘ബേണിംഗ് പീപ്പിള്‍’ എന്ന ടെലിഫിലിമിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തിരുന്നു. ഒരു മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്ലറിലെ എല്ലാ രംഗങ്ങളും തന്നെ ജോജിയിൽ നിന്ന് പകർത്തിയതാണ്. സിനിമയിൽ ജോജിയെ പിതാവ് പനച്ചേൽ കുട്ടപ്പൻ ഭീഷണിപ്പെടുത്തുന്നതും പനച്ചേൽ കുട്ടപ്പൻ കുഴഞ്ഞു വീഴുന്നതുമെല്ലാം അതേപോലെ തന്നെ ട്രെയ്ലറിൽ കാണാം.
സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തു. നിരവധി മലയാളികളാണ് സിരസ ടിവിയുടെ ഫേസ്ബുക്ക് പേജിൽ ട്രെയ്ലറിന് എതിരെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘നിർത്തിയങ്ങ് അപമാനിക്കുവാന്നെ’, ‘ഇങ്ങനെ അടിച്ചുമാറ്റരുത്’ ‘ജോജി സീരിയൽ ആക്കിയോ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

