സമീപകാലത്ത് നടത്തിയ എല്ലാ പിഎസ്സി നിയമനങ്ങളും അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. പിഎസ്സി പരീക്ഷാത്തട്ടിപ്പ് കേസിൽ നാലാം പ്രതിയായ സഫീർ നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിർദേശം.
സമീപകാലത്തുണ്ടായ സംഭവങ്ങൾ പിഎസ്സി എന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കുന്നതാണെന്നും, ഇങ്ങനെ മാത്രമേ നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിക്കാനാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസിൽ നാലാം പ്രതി സഫീറടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കേസിലെ എല്ലാ പ്രതികളും അടുത്ത പത്ത് ദിവസത്തിനകം കീഴടങ്ങണമെന്നും കോടതി നിർദേശിച്ചു.