ആഷസ് ടെസ്റ്റിൽ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയോട് തോറ്റതിന് പുറമെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റുകളും നഷ്ടമായതിൻ്റെ തിരിച്ചടിയിൽ ഇംഗ്ലണ്ട്. കുറഞ്ഞ ഓവർ നിരക്കിനെ തുടർന്നാണ് പോയിൻ്റുകൾ നഷ്ടമായത്. ഇംഗ്ലണ്ടിൻ്റെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾക്ക് കനത്ത തിരിച്ചടിയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ആദ്യം അഞ്ച് പോയിൻ്റുകളാണ് വെട്ടിക്കുറച്ചിരുന്നത്. എന്നാൽ, അഞ്ചല്ല, എട്ട് പോയിൻ്റുകൾ തിരിച്ചെടുത്തു എന്ന് കഴിഞ്ഞ ദിവസം ഐസിസി വ്യക്തമാക്കി.
നിശ്ചിത സമയത്ത് എത്ര ഓവറുകൾ പിന്നിലാണോ അത്ര പോയിൻ്റുകളാണ് കുറയ്ക്കുക. ഇംഗ്ലണ്ട് 8 ഓവറുകൾ പിന്നിലായിരുന്നു.ഇതിനോടൊപ്പം മാച്ച് ഫീയുടെ 100 ശതമാനം പിഴയിടുകയും ചെയ്തിട്ടുണ്ട്.
8 പോയിൻ്റുകൾ നഷ്ടമാവുകയുംഗാബയിൽ നടന്ന ആദ്യ ടെസ്റ്റിൽ പരാജയപ്പെടുകയും ചെയ്തതോടെ ഇംഗ്ലണ്ടിന് ആഷസ് നേടുകയെന്നത് നിലനില്പിൻ്റെ കാര്യമായി മാറിയിട്ടുണ്ട് . എന്നാൽ, രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിൻ്റെ നില പരുങ്ങലിലാണ്.
രണ്ടാം ടെസ്റ്റിൽ മാർനസ് ലബുഷെയ്ന്റെ (103) സെഞ്ചുറി മികവിൽ 9 വിക്കറ്റ് നഷ്ടത്തിൽ 473 റൺസെടുത്ത ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഡെവിഡ് വാർണർ (95), സ്റ്റീവ് സ്മിത്ത് (93) എന്നിവർക്ക് സെഞ്ചുറി നഷ്ടമായപ്പോൾ അലക്സ് കാരിയും (51) ഓസ്ട്രേലിയക്കായി തിളങ്ങി. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് മൂന്നും ജെയിംസ് ആൻഡേഴ്സൺ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
മറുപടിബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഹസീബ് ഹമീദ് (6), റോറി ബേൺസ് (4) എന്നിവരെ വേഗം നഷ്ടമായി 2 വിക്കറ്റ് നഷ്ടത്തിൽ 17 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം അവസാനിപ്പിചത്. ക്യാപ്റ്റൻ ജോ റൂട്ടും (5) ഡേവിഡ് മലാനുമായിരുന്നു (1) ക്രീസിൽ. മൂന്നാം ദിനം ഗംഭീരമായി ബാറ്റ് വീശിയ ഇരുവരും ചേർന്ന് ഇതുവരെ 93 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയിട്ടുണ്ട്. മലാൻ (54) ഫിഫ്റ്റിയടിച്ചപ്പോൾ റൂട്ട് 38 റൺസെടുത്ത് ക്രീസിൽ തുടരുകയാണ്. മൂന്നാം ദിനത്തിൽ 70ലധികം ഓവറുകളും രണ്ട് ദിവസവും അവശേഷിക്കെ മത്സരം ആവേശകരമാവുകയാണ്.

