അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയിലെ പാര്‍ട്ടി ഗാനം പുറത്ത്. താരസുന്ദരി സാമന്ത ചുവടുവയ്ക്കുന്ന പാർട്ടി ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ആദ്യമായാണ് സാമന്ത ഒരു ചിത്രത്തിനുവേണ്ടി ഐറ്റം നമ്പർ കളിക്കുന്നത്. സാമന്തയുടെ ഡാൻസ് സ്റ്റിൽസിനൊപ്പമാണ് ലിറിക്കൽ വിഡിയോ. ഓ ആണ്ടവാ എന്നു തുടങ്ങുന്ന ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ചന്ദ്രബോസ് ആണ് രചന. ഇന്ദ്രാവതി ചൗഹാനാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിൽ നടി രമ്യാ നമ്പീശനാണ് ഗാനം ആലപിച്ചിരിക്കുന്നത്. അതേസമയം ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
അല്ലു അർജുന്റെ നായികയായി രശ്മിക മന്ദാനയാണ് എത്തിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ ഭാഗം 2021 ഡിസംബർ 17നാണ് തിയറ്ററുകളിൽ എത്തുക. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിയ്ക്കുന്നത്.
പുഷ്പയിൽ സാമന്തയുടെ കിടിലൻ ഡാൻസ് നമ്പർ ; ഞെട്ടിക്കുന്ന പ്രതിഫലം;ഗാനമാലപിച്ച് രമ്യ നമ്പീശൻ

