സഹോദരിയുടെ വിവാഹം നടത്താൻ വായ്പ കിട്ടാത്തതിനെ തുടർന്ന് തുടർന്ന് ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന് സഹായവുമായി നാട് .പെൺകുട്ടിയുടെ വിവാഹത്തിന് ആവശ്യമായ രണ്ട് ലക്ഷം രൂപ നൽകാമെന്ന് തൃശൂരിലെ മജ്ലിസ് പാര്‍ക്ക് ചാരിറ്റബിള്‍ ട്രസ്റ്റ് അറിയിച്ചു. വധുവിന് അഞ്ച് പവൻ സമ്മാനമായി നൽകുമെന്ന് കല്യാൺ ജുവലേഴ്സും , മൂന്ന് പവന് സമ്മാനമായി നല്‍കുമെന്ന് മലബാര്‍ ഗോള്‍ഡും അറിയിച്ചിട്ടുണ്ട്.
അതേസമയം പെൺകുട്ടിയുടെ കുടുംബത്തോട് സ്ത്രിധനം ആവശ്യപ്പെട്ടിരുന്നില്ലെന്ന് വരൻ പറഞ്ഞു. വിപിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞാൽ വിവാഹം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ പച്ചാലപ്പൂട്ട് വീട്ടിൽ വിപിൻ (25) ആണ് മരിച്ചത്. സഹോദരിയുടെ വിവാഹ ആവശ്യങ്ങൾക്കായി യുവാവ് ബാങ്കിൽ നിന്ന് വായ്പ തേടിയിരുന്നു. ഇത് കിട്ടാത്തതിനെത്തുടർന്നുള്ള മാനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
അമ്മയേയും സഹോദരിയേയും ജുവല്ലറിയില്‍ ഇരുത്തിയതിന് ശേഷം വീട്ടിലെത്തിയാണ് വിപിൻ ആത്മഹത്യ ചെയ്തത്.മൂന്ന് സെന്റ് ഭൂമി മാത്രമാണ് ഉണ്ടായിരുന്നത്. അതിനാല്‍ എവിടെ നിന്നും വായ്പ് ലഭിച്ചില്ല.പണവുമായി ഉടന്‍ വരാം എന്ന് പറഞ്ഞാണ് വിപിന്‍ ജുവല്ലറിയില്‍ നിന്ന് പോയത്. എന്നാല്‍ വായ്പ നല്കാന് കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു. ഏറെ നേരം കാത്തിരുന്നിട്ടും വരാതായതോടെ അമ്മയും സഹോദരിയും തിരികെ വീട്ടിലെത്തിയപ്പോഴാണ് വിപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.