ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്കും.
വിഷയം മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ചർച്ച ചെയ്യാൻ കൂടുതൽ സാവകാശം തേടിയതോടെയാണ് യൂണിയനുകൾ പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ബിഎംഎസ്, കെഎസ്ആർടിഇഎ യൂണിയനുകൾ 24 മണിക്കൂറും, ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി വിളിച്ചു ചേർത്ത ചർച്ച പരാജയപ്പെട്ടിരുന്നു. സ്കൂൾ തുറന്നതും ശബരിമല സീസണും കണക്കിലെടുത്ത് സമരത്തിലേക്ക് പോകരുതെന്നാണ് സർക്കാർ അഭ്യർത്ഥന. അടുത്ത മാസം ശമ്പളം വിതരണം ചെയ്യുന്നതിന് മുൻപായി ശമ്പള പരിഷ്‌കരണം ഉറപ്പാക്കാമെന്നും 24 മണിക്കൂറിനുള്ളിൽ തീരുമാനം വേണമെന്ന് നിർബന്ധം കാണിക്കരുതെന്നും ഗതാഗത മന്ത്രി പറഞ്ഞു. ശമ്പള സ്കെയിൽ അംഗീകരിക്കുകയാണെങ്കിൽ സർക്കാർ മാസം 30 കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.