ഒ.ബി.സി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളിൽ സി.എ, സി.എം.എസ്, സി.എസ് കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു . അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുത്. www.egrantz.kerala.gov.in സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഓൺലൈനിൽ അപേക്ഷ രജിസ്റ്റർ ചെയ്യുന്നതിന് ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ നിന്നും ലഭ്യമായ ജാതി,വരുമാന സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in ൽ ലഭിക്കും. അവസാന തിയതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖല ഓഫീസുകളുമായി ബന്ധപ്പെടണം. ഫോൺ: എറണാകുളം മേഖല ഓഫീസ്- 0484 2429130, കോഴിക്കോട് മേഖല ഓഫീസ്- 0495 2377786.
പ്രൊപ്പോസൽ ക്ഷണിച്ചു
സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികളുടെ പഠനനിലവാരവും സാഹചര്യങ്ങളും മെച്ചപ്പെടുത്താൻ 2020-21 സാമ്പത്തികവർഷത്തിൽ ഞാറനീലി പ്രീമെട്രിക് ഹോസ്റ്റലിലേക്ക് ഫർണിച്ചർ, ടി.വി, കൊതുകുവല, പാചക ആവശ്യത്തിനുള്ള പാത്രങ്ങൾ, പെയിന്റിംഗ് എന്നിവയ്ക്കായി മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഗവ.അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 17. പ്രീബിഡ് മീറ്റിംഗ് സെപ്റ്റംബർ ഒമ്പതിന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിലെ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2303229, 0471-2304594.
മ്യൂസിയം കൺസർവേഷൻ ലബോറട്ടറി ഉദ്ഘാടനം ചെയ്തു
നാടിന്റെ കലാ സാംസ്കാരിക പൈതൃക സംരക്ഷണം ലക്ഷ്യമിട്ട് ആരംഭിച്ച മ്യൂസിയം കൺസർവേഷൻ ലബോറട്ടറിയും രവിവർമ ചിത്രങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങളും പുരാവസ്തു പുരാരേഖ മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഈ വർഷം അവസാനത്തോടെ പൂർത്തിയാകുന്ന പുതിയ ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിക്കുന്ന രാജാരവിവർമയുടെ ചിത്രങ്ങളും സ്കെച്ചുകളും സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ചിത്രങ്ങൾക്ക് അർഹമായ പ്രാധാന്യം നൽകി രാസസംരക്ഷണ പ്രവർത്തനങ്ങൾ മ്യൂസിയം കൺസർവേഷൻ ലബോറട്ടറി നിർവഹിക്കും. ഇത്തരത്തിൽ അത്യാധുനിക സജ്ജീകരണങ്ങളുള്ള ഇന്ത്യയിലെ മൂന്നാമത്തെ ലബോറട്ടറിയാണിത്. 1.41 കോടി രൂപയാണ് ഇതിനായി സർക്കാർ ചെലവഴിച്ചത്. ആർട്ട് ഗ്യാലറിയിലെ മറ്റു ചിത്രങ്ങളും പുറത്തുള്ള വ്യക്തികളുടെ ചിത്രങ്ങളും ഉൾപ്പടെ സംരക്ഷിക്കുന്നതിന് വേണ്ട പ്രവർത്തനം കൺസർവേഷൻ ലബോറട്ടറി നടത്തുമെന്ന് മന്ത്രി പറഞ്ഞു.
മ്യൂസിയം വകുപ്പിന്റെ പക്കലുള്ള 1100 ലധികം അമൂല്യമായ ചിത്രങ്ങളുടെ സംരക്ഷണത്തിന് ലബോറട്ടറി സഹായകരമാകും. ഫോട്ടോ ഡോക്യുമെന്റേഷൻ റൂം, സക്ഷൻ ടേബിൾ, വിവിധ തരം ക്യാമറകൾ തുടങ്ങി ആധുനിക സംവിധാനങ്ങളെല്ലാം ഇവിടെയുണ്ട്.
വി. കെ. പ്രശാന്ത് എം. എൽ. എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുരാവസ്തു പുരാരേഖ മ്യൂസിയം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ആമുഖ പ്രഭാഷണം നടത്തി. ജനപ്രതിനിധികൾ, മ്യൂസിയം അധികൃതർ, വിദഗ്ധ സമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
കൗണ്‍സലിംഗ് സൈക്കോളജി എഴുത്തു പരീക്ഷ
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് സെപ്തംബര്‍ നാല്, അഞ്ച് തീയതികളില്‍ ഗവ. സ്കൂളുകള്‍ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൗണ്‍സലിംഗ് സൈക്കോളജി എഴുത്തു പരീക്ഷ നടത്തും. പരീക്ഷയുടെ നടത്തിപ്പിന് സ്കൂള്‍ ഹെഡ് മാസ്റ്റര്മാരെയും പ്രിന്സസിപ്പല്മാരെയുമാണ് ചുമതലപ്പെടുത്തിയിട്ടുളളത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടത്തുകയെന്ന് ഡയറക്ടര്‍ അറിയിച്ചു.
മരങ്ങളുടെ ലേലം നാളെ
കോഴിക്കോട് സിറ്റി ഡിഎച്ച്ക്യു കോമ്പൗണ്ടില്‍ അപകടകരമായി നിന്നിരുന്ന മരങ്ങളില്‍ മുറിച്ചിട്ട 42 എണ്ണം നാളെ (സെപ്തംബര്‍ നാല്) രാവിലെ 11 മണിക്ക് മാലൂര്‍കുന്ന് ഡിഎച്ച്ക്യു ക്യാമ്പില്‍ പരസ്യമായി പുനര്‍ലേലം ചെയ്യുമെന്ന് അസി.കമാണ്ടന്റ് അറിയിച്ചു.
തേക്ക് ലേലം
കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ ക്യാമ്പ് ഓഫീസിലെ തേക്ക് മരം നാളെ (സെപ്തംബര്‍ നാല്) രാവിലെ 11:30ന് മാലൂര്‍കുന്ന് ഡിഎച്ച്ക്യു ക്യാമ്പില്‍ പുനര്‍ലേലം ചെയ്യുമെന്ന്് അസി.കമാണ്ടന്റ് അറിയിച്ചു.
ലോക ജനസംഖ്യ പക്ഷാചരണം- സമ്മാനദാനം നടത്തി
ലോക ജനസംഖ്യ പക്ഷാചരണത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും സംഘടിപ്പിച്ച ഓണ്‍ലൈന്‍ പോസ്റ്റര്‍ രചന മത്സരത്തിലും ഉപന്യാസ രചനമത്സരത്തിലും വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. നിര്‍വ്വഹിച്ചു. ‘കുടുംബക്ഷേമ മാര്‍ഗങ്ങളില്‍ പുരുഷന്മാരുടെ പങ്ക്’എന്ന വിഷയത്തില്‍ നടത്തിയ ഓണ്‍ലൈന്‍ പോസ്റ്റര്‍ രചന മത്സരത്തില്‍ സെന്റ് ജോസഫ്സ് ദേവഗിരി കോളേജിലെ ഡെല്ലാജോണ് ഒന്നാം സ്ഥാനവും പ്രോവിഡന്‍സ് വിമന്‍സ് കോളേജിലെ ആരതി ജെ.ആര്. രണ്ടാം സ്ഥാനവും ആര്യ രാജേന്ദ്രന് മൂന്നാം സ്ഥാനവും നേടി. ‘സുസ്ഥിരവികസനവും ജനസംഖ്യ വിസ്ഫോടനവും’ എന്ന വിഷയത്തില്‍ നടത്തിയ ഉപന്യാസരചന മത്സരത്തില്‍ മണ്ണൂര്‍ സിഎംഎച്ച്എസ്എസിലെ നേഹ പി. ഒന്നാം സ്ഥാനവും തിരുവള്ളൂര്‍ എസ്എന്‍എച്ച്എസ്എസിലെ വൃന്ദാ പ്രകാശ് രണ്ടാം സ്ഥാനവും മണ്ണൂര്‍ സിഎംഎച്ച്എസ്എസിലെ മിസാ മെഹ്റിന് മൂന്നാം സ്ഥാനവും നേടി. ചടങ്ങില്‍ ജില്ലാ മാസ് മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍മാരായ കെ.എം.മുസ്തഫ, ഷാലിമ, എന്‍എച്ച്എം കണ്‍സള്‍ട്ടന്റ് സി.ദിവ്യ എന്നിവര്‍ പങ്കെടുത്തു.
മാസ്റ്റർ ട്രെയിനർമാരെ തിരഞ്ഞെടുക്കുന്നു
ധനകാര്യവകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പി.എം.യുവിൽ മാസ്റ്റർ ട്രെയിനർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ലഭ്യമാണ്.
ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി ഇന്ന് (സെപ്റ്റംബർ 3)
ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഇന്ന് (സെപ്റ്റംബർ 3) ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്ന് വരെ നടക്കും. വിളിക്കേണ്ട നമ്പർ: 8943873068.
പി.എൻ.എക്സ്. 3029/2021
അച്ഛനെയും മകളെയും പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച സംഭവം:
കമ്മീഷൻ കേസെടുത്തു
ആറ്റിങ്ങലിൽ പട്ടികജാതിക്കാരനായ ജയചന്ദ്രനെയും എട്ടുവയസുകാരിയായ മകളെയും മൊബൈൽ മോഷ്ടാവ് എന്നാരോപിച്ച് നടുറോഡിൽ അപമാനിക്കുകയും പൊതുനിരത്തിൽ പരസ്യവിചാരണ നടത്തുകയും ചെയ്ത സംഭവത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ കേസെടുത്തു. പിങ്ക് പോലീസ് പട്രോൾ ഉദ്യോഗസ്ഥയായ രജിതക്കെതിരെ കർശന നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജയചന്ദ്രൻ കമ്മീഷന് പരാതി നൽകിയിരുന്നു. പരാതി പരിശോധിച്ചതിൽ നിന്നും വനിതാ ഉദ്യോഗസ്ഥയുടെ പ്രവൃത്തി പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമാണെന്ന് കമ്മീഷൻ പ്രാഥമികമായി വിലയിരുത്തി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി 10 ദിവസത്തിനകം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സ്കോളർഷിപ്പ് തുക 10,000 രൂപയാണ്. ബി.പി.എൽ വിഭാഗത്തിൽപെട്ടവർക്ക് മുൻഗണന നൽകും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബവാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300524.
സപ്ലിമെന്ററി പരീക്ഷ
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2017-18 നടത്തിയ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ യോഗ & നാച്യുറോപ്പതി കോഴ്സിന്റെ സപ്ലിമെന്ററി പരീക്ഷ ഒക്ടോബറിൽ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ നടക്കും. ഒരു വിഷയത്തിന് 110 രൂപയാണ് പരീക്ഷാ ഫീസ്. ഫൈനില്ലാതെ ഫീസടയ്ക്കാവുന്ന അവസാന തീയതി സെപ്റ്റംബർ 10. 25 രൂപ ഫൈനോടെ 15 വരെ ഫീസ് അടയ്ക്കാം. മൂന്ന് പേജുള്ള അപേക്ഷാ ഫോം www.ayurveda.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 0210-03-101-98 Exam fees and other fees എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ കേരളത്തിലെ ഏതെങ്കിലും സർക്കാർ ട്രഷറിയിൽ അടയ്ക്കാം. പൂരിപ്പിച്ച അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളേജ് പ്രിൻസിപ്പാളിന് 15ന് വൈകിട്ട് അഞ്ച് മണിവരെ സമർപ്പിക്കാം. പരീക്ഷാ ടൈം ടേബിൾ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് നോട്ടീസ് ബോർഡിലും വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.
എം-ടെക്ക് അഡ്മിഷൻ
സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ ആർ ആന്റ് ഡിസി ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എം.ടെക്ക് പ്രോഗ്രാമിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഇലക്ട്രോണിക്സിൽ വി എൽ എസ് ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസിൽ സൈബർ ഫോറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീവിഷയങ്ങളിലാണ് എം.ടെക്ക്. വെള്ളയമ്പലത്തെ സിഡാക്ക് ക്യാമ്പസിലാണ് ഇആർ ആന്റ് ഡിസിഐ-ഐടി പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളിൽ മികച്ച നിലവാരം പുലർത്തുന്നവർക്ക് സി-ഡാക്കിലെ പ്രോജക്ടുകളിൽ പ്രവർത്തിക്കാനും പഠനശേഷം രണ്ടുവർഷം വരെ സ്റ്റൈപ്പന്റോടെ ഇന്റേൺഷിപ്പിനോ മികച്ച കമ്പനികളിൽ പ്ലേസ്മെന്റിനോ അവസരം ലഭിക്കും. അപേക്ഷിക്കാനുള്ള അവസാനതീയതി സെപ്റ്റംബർ 15. കൂടുതൽ വിവരങ്ങൾക്ക് erdciit.ac.in സന്ദർശിക്കുകയോ ഫോണിൽ (04712723333 എക്സ്റ്റൻഷൻ:250,295, മൊബൈൽ: 8547897106) ബന്ധപ്പെടുകയോ ചെയ്യുക.
പി. ആർ. ഡി ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം, സ്ഥലംമാറ്റ ഉത്തരവിറങ്ങി. വകുപ്പിലെ സീനിയർ അസിസ്റ്റന്റ് എഡിറ്റർ ആശിഷ് സി. ആറിനെ വെബ് ആന്റ് ന്യൂ മീഡിയ ഇൻഫർമേഷൻ ഓഫീസറായി സ്ഥാനക്കയറ്റം നൽകി നിയമിച്ചു. അസിസ്റ്റന്റ് എഡിറ്ററായിരുന്ന സജീവ് കുമാർ കെ. എസിനെ കോഓർഡിനേറ്റിങ് ആന്റ് ന്യൂസ് എഡിറ്റിങ് വിഭാഗം ഇൻഫർമേഷൻ ഓഫീസറായി സ്ഥാനക്കയറ്റം നൽകി നിയമിച്ചു. അസിസ്റ്റന്റ് എഡിറ്റർ സുമേഷ് കെ. എസിനെ റിസർച്ച് ആന്റ് റഫറൻസ് വിഭാഗം ഇൻഫർമേഷൻ ഓഫീസറായും അസിസ്റ്റന്റ് എഡിറ്റർ സി. പി. അബ്ദുൾ കരീമിനെ തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറായും സ്ഥാനക്കയറ്റം നൽകി നിയമിച്ച് ഉത്തരവായി.
വെബ് ആന്റ് ന്യൂ മീഡിയ ഇൻഫർമേഷൻ ഓഫീസർ ഇന്ദുശേഖർ കെ. എസിനെ മലയാളം എഡിറ്റർ തസ്തികയിൽ മാറ്റി നിയമിച്ചു. കോഓർഡിനേറ്റിംഗ് ആന്റ് ന്യൂസ് എഡിറ്റിംഗ് വിഭാഗം ഇൻഫർമേഷൻ ഓഫീസറായിരുന്ന കിരൺ റാമിനെ ടാഗോർ തിയേറ്റർ കൾച്ചറൽ ഡെവലപ്മെന്റ് ഓഫീസർ തസ്തികയിൽ മാറ്റി നിയമിച്ചു. റിസർച്ച് ആന്റ് റഫറൻസ് വിഭാഗം ഇൻഫർമേഷൻ ഓഫീസർ കെ. ദീപയെ കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായി നിയമിച്ചു.
ഫോറസ്റ്റ് ഇൻഫർമേഷൻ ബ്യൂറോയിൽ പബ്ളിക് റിലേഷൻസ്് ഓഫീസർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കുന്ന ഇൻഫർമേഷൻ ഓഫീസർ ഡോ. എച്ച്. കൃഷ്ണകുമാറിനെ വകുപ്പ് ഡയറക്ട്രേറ്റിൽ പ്രോഗ്രാം പ്രൊഡ്യൂസർ തസ്തികയിൽ നിയമിച്ചു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ട്രേറ്റിൽ ലോട്ടറി പബ്ളിസിറ്റി ഓഫീസറായി പ്രവർത്തിച്ചിരുന്ന അനിൽഭാസ്ക്കറിനെ ലേബർ കമ്മീഷണറേറ്റിൽ ലേബർ പബ്ളിസിറ്റി ഓഫീസർ തസ്തികയിലേക്ക് സ്ഥലംമാറ്റി ഉത്തരവായി.
ലേബർ പബ്ളിസിറ്റി ഓഫീസർ തസ്തികയിൽ നിന്ന് മാറിയ ദിലീപ്കുമാർ സി. എഫിനെ ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോയിൽ പബ്ളിക് റിലേഷൻസ് ഓഫീസറായി മാറ്റി നിയമിച്ചു. വകുപ്പ് ഡയറക്ട്രേറ്റിൽ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്ന വിനോദ് ജി. എസിനെ ഓഡിയോ വീഡിയോ ഡോക്യുമെന്റേഷൻ ഇൻഫർമേഷൻ ഓഫീസറായി മാറ്റിനിയമിച്ചു. ഓഡിയോ വീഡിയോ ഡോക്യുമെന്റേഷൻ ഇൻഫർമേഷൻ ഓഫീസർ ആയിരുന്ന ബി. ടി. അനിൽകുമാറിനെ ലോട്ടറി പബ്ളിസിറ്റി ഓഫീസർ തസ്തികയിൽ നിയമിച്ചു. തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ നിന്ന് മാറിയ നിജാസ് ജ്യൂവൽ എ. എയെ എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ നിയമിച്ചു. ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാറിനെയും കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫിനെയും പരസ്പരം സ്ഥലംമാറ്റി നിയമിച്ച് ഉത്തരവായി.

