ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉയരുന്ന കലഹങ്ങളില്‍ കണ്ണുംനട്ട് ബിജെപി. കോണ്‍ഗ്രസിന്റെ തകര്‍ച്ച ബിജെപിക്ക് ഗുണം ചെയ്യുമെന്ന് ബിജെപി നേതാവ് എം ടി രമേശ് കോഴിക്കോട് പറഞ്ഞു. കോണ്‍ഗ്രസ് വിടുന്നവര്‍ക്ക് സിപിഐഎമ്മിലേക്ക് പോകാന്‍ ആകില്ല. കോണ്‍ഗ്രസില്‍ നിന്ന് പോയവര്‍ കേരളത്തിന് പുറത്ത് ബിജെപിയിലേക്കാണ് വരുന്നത്. ഇവിടെയും അങ്ങനെ ആകും എന്നാണ് പ്രതീക്ഷയെന്നാണ് എംടി രമേശിന്റെ പ്രതികരണം. നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ബിജെപിയിലേക്ക് കടന്നു വരാമെന്നും എംടി രമേശ് പറഞ്ഞു.
കോണ്‍ഗ്രസില്‍ അസംതൃപ്തരായ നേതാക്കളേയും അണികളേയും സ്വാഗതം ചെയ്യുന്നുവെന്ന ബിജെപി നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസിന്റെ പ്രതികരണത്തിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി എംടി രമേശും രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കായി ബിജെപിയില്‍ കവാടം തുറന്നിട്ടിരിക്കുകയാണെന്നും നിലവില്‍ കോണ്‍ഗ്രസ് വിട്ട ഒരു നേതാവും തങ്ങളെ സമീപിച്ചിട്ടില്ലെന്നുമായിരുന്നു പികെ കൃഷ്ണദാസ് പറഞ്ഞത്.
അതിനിടെ, അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് വിട്ട എവി ഗോപിനാഥിന് തിരിച്ചുവരാമെന്ന് കെ മുരളീധരന്‍ എംപി പ്രതികരിച്ചു. പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയാല്‍ അര്‍ഹിച്ച സ്ഥാനം നല്‍കുമെന്നും മുരളീധരന്‍ വ്യക്തമാക്കി. എ വി ഗോപിനാഥിന്റെ രാജി അടഞ്ഞ അധ്യായമല്ലെന്നും തിരിച്ച് വരാമെന്നുമായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്. മുഖ്യമന്ത്രിക്ക് അനുകൂലമായുള്ള എ വി ഗോപിനാഥിന്റെ പ്രസ്ഥാവന ഖേദകരമാണെന്നും മുരളീധരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നത്തലയും അച്ചടക്കത്തിന്റെ പരിധിയില്‍ നിന്നാണ് പറഞ്ഞതെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.