ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ക് ഡൌണ്. വരുന്ന ആഗസ്റ്റ് 29 ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൌണായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ സംസ്ഥാനത്ത് ലോക്ക് ഡൌണില്ലായിരുന്നു. നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് വന്ന ശേഷമാണ് വീണ്ടും ലോക്ക് ഡൌണിലേക്ക് പോകുന്നത്.
ഓണത്തിന് മുന്നോടിയായി നല്‍കിയ ഇളവുകള്‍ കൊവിഡ് വ്യാപനത്തിന് കാരണമായി എന്ന വിലയിരുത്തലാണ് കഴിഞ്ഞ ആഴ്ചയിലെ വാരാന്ത്യ അവലോകനയോഗത്തിലുണ്ടായത്. ഹോംക്വാറന്റൈന്‍ നടപ്പാക്കുന്നതിലുണ്ടായ വീഴ്ചയും കൊവിഡ് വ്യാപനം ശക്തിപ്പെടാന്‍ കാരണമായി. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതില്‍ പലയിടത്തും വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി തന്നെ യോഗത്തില്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. രണ്ട് കോടി പേര്‍ ആദ്യഡോസ് വാക്‌സീന്‍ സ്വീകരിക്കുകയും 38 ലക്ഷം പേര്‍ ഇതിനോടകം കൊവിഡ് മുക്തി നേടുകയും ചെയ്തിട്ടും സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നത് വലിയ തലവേദനയാണ് സര്‍ക്കാരിന് സൃഷ്ടിക്കുന്നത്. പുതിയ കൊവിഡ് കേസുകളില്‍ 35 ശതമാനം പേര്‍ക്കും ഹോം ക്വാറന്റൈനിലെ ജാഗ്രതക്കുറവ് മൂലമാണ് രോഗബാധയുണ്ടായതെന്ന ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ ഡെല്‍റ്റ വൈറസിനെതിരെ പുതിയ പ്രതിരോധ പ്രോട്ടോക്കോള്‍ കൊണ്ടു വരേണ്ടിയിരിക്കുന്നു എന്നതിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്.