ഓണാഘോഷങ്ങൾക്ക് ശേഷം കോവിഡ് കേസുകൾ ഉയരുമോ എന്ന ആശങ്കയിലാണ് ആരോഗ്യപ്രവർത്തകർ. നാളെ നടക്കുന്ന അവലോകന യോഗത്തിൽ നിയന്ത്രണങ്ങളിലും ഇളവുകളിലും തീരുമാനമുണ്ടാകും. ടിപിആർ കുതിച്ചുയരുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ല എന്നുള്ളതാണ് ആശ്വാസകരം.
സംസ്ഥാനത്ത് ഓരോ ദിവസം കഴിയുംതോറും പരിശോധനകളും വാക്സീനേഷനും കുറയുകയാണ്. രണ്ട് ലക്ഷത്തിന് അടുത്ത് പരിശോധനകൾ നടന്നിരുന്ന കേരളത്തിൽ ഇന്നലെ നടന്നത് വെറും 96,481 പരിശോധനകളാണ്.
ഓണാഘോഷങ്ങൾ കഴിയും മുമ്പേ പുറത്തുവരുന്ന കണക്കുകൾ കേരളത്തിന് ഒട്ടും ആശാവഹമല്ല. ടിപിആർ കുത്തനെ ഉയരുന്നുണ്ട്.
അഞ്ച് ശതമാനത്തിലേക്ക് എങ്കിലും ടിപിആർ കുറയ്ക്കണമെന്നാണ് ലക്ഷ്യമിട്ടിരുന്നത് എന്നാൽ ഇന്നലെ ടിപിആർ കുതിച്ചുയർന്നത് 17.73 ശതമാനത്തിലേക്കാണ്. 30,000 ൽ താഴെ മാത്രമാണ് ഇന്നലെ നൽകാനായ വാക്സീൻ. ഓണത്തിനുണ്ടായ തിരക്കും ഇതിലൂടെയുള്ള വ്യാപനവും മൂലം ഇനിയുള്ള ദിവസങ്ങളിൽ കണക്കുകൾ ഉയരാനിടയുണ്ട്.