ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഈശോ. വിവാദങ്ങൾ വിടാതെ പിന്തുടരുന്ന ചിത്രമാണ് ഈശോ.
കഴിഞ്ഞ ദിവസം ഈശോ എന്ന പേര് മാറ്റണം എന്ന ആരോപണവുമായി ക്രിസ്തീയ സംഘടനകൾ എത്തിയിരുന്നു. ക്രിസ്തീയ മതവിശ്വാസത്തെ വൃണപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ പേരെന്നാണ് സംഘടനകളുടെ വാദം.
എന്നാൽ നിലവില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തിന്റെ പേരില്‍ സിനിമയുടെ പേര് മാറ്റില്ലെന്ന് നാദിര്‍ഷ വ്യക്തമാക്കി. താന്‍ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല. ഇത് വെറും കഥാപാത്രത്തിന്റെ പേര് മാത്രമാണ്. അതിനാല്‍ ക്രിസ്ത്യന്‍ സമുദായത്തിലെ തന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക് വിഷമം ഉണ്ടാക്കിയതിനാല്‍ മാത്രം ‘നോട്ട് ഫ്രം ബൈബിള്‍’ എന്ന ടാഗ് ലൈന്‍ മാ്ത്രം മാറ്റുകയാണെന്നും നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു.
ഇപ്പോൾ പുതിയ ഒരു വിവാദത്തിന് കൂടി ചിത്രം വഴിവെച്ചിരിക്കുകയാണ്. ഈശോ എന്ന പേര് ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തില്ല എന്ന ആരോപണവുമായി ഭാരവാഹികൾ രംഗത്തെത്തി . ഒരു സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുന്നേ തന്നെ രജിസ്റ്ററേഷൻ നടപടികൾ സ്വീകരിക്കണം എന്ന ചട്ടം. എന്നാൽ ഈശോ എന്ന ചിത്രം ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് ഭാരവാഹികൾ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് എക്സ്ക്യൂട്ടിവ് കമ്മറ്റി കൂടിയ ശേഷം മാത്രമേ ചിത്രത്തിന്റെ രജിസ്റ്ററേഷൻ വിഷയത്തിൽ തീരുമാനം ഉണ്ടാവുകയുള്ളു എന്ന് ഫിലിം ചേംബർ ഭാരവാഹികൾ അറിയിച്ചു. ഈ മാസം അവസാനം മാത്രമായിരിക്കും ഇനി ഒരു എക്സ്ക്യൂട്ടിവ് യോഗം ചേരുകയുള്ളു.