പ്രശാന്ത് നീൽ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്ന കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ജൂൈല 16ന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് കോവിഡ് രണ്ടാം തരംഗത്തെ തുടർന്നാണ് മാറ്റിയത്. ചിത്രം ഡിസംബറിൽ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.
ചിത്രത്തിൽ പ്രധാന വേഷമിടുന്ന നടൻ സഞ്ജയ് ദത്തിന്റെ 62ാം പിറന്നാളാണ് ഇന്ന്. താരത്തിന്റെ പിറന്നാൾ ദിവസം സ്പെഷ്യൽ ആക്കാൻ ‘കെ.ജി.എഫ് ചാപ്റ്റർ -2’വിൽ സഞ്ജയ് ദത്തിന്റെ കഥാപാത്രമായ അധീരയുടെ രണ്ടാം ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.നേരത്തെ നായകൻ യാഷിന്റെ പിറന്നാളിനോടനുബന്ധിച്ച് പുറത്തുവിട്ട ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ 200 ദശലക്ഷം കാഴ്ചക്കാരെ നേടിയിരുന്നു
പിറന്നാൾ ആശംസകൾക്ക് സോഷ്യൽ മീഡിയയിലൂടെ നന്ദി പറഞ്ഞ സഞ്ജയ് ദത്ത് ചിത്രത്തിന്റെ റിലീസ് തിയതി ഉടൻ പുറത്തുവിടുമെന്ന് പറഞ്ഞു.
. യാഷ്, സഞ്ജയ് ദത്ത്, രവീണ ടണ്ഡൻ, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, മാളവിക അവിനാഷ്, അച്യുത് കുമാർ എന്നിവരടങ്ങിയ വൻ താരനിരയാണ് കെ.ജി.എഫ് ചാപ്റ്റർ 2ൽ അണിനിരക്കുന്നത്.

