കുണ്ടറ പീഡനക്കേസ് ഒതുക്കാൻ വനം മന്ത്രി എ.കെ.ശശീന്ദ്രൻ ശ്രമിച്ചെന്ന ആരോപണത്തിൽ നിയമസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്ത്രീയുടെ കൈയ്യിൽ കയറി പിടിച്ചത് നല്ല രീതിയിൽ തീർക്കുന്നത് എങ്ങനെയാണെന്നും ഇങ്ങനെയാണെങ്കിൽ പീഡനക്കേസുകൾ തീർക്കാൻ അദാലത്ത് വിളിക്കണമെന്നും പരിഹസിച്ചു.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പിസി വിഷ്ണുനാഥ് എംഎൽഎ കൊണ്ടു വന്ന അടിയന്തര പ്രമേയാനുമതിക്ക് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. എഫ്ഐആർ ഇടാൻ വൈകിയെന്ന ആരോപണം പൊലീസ് മേധാവി അന്വേഷിക്കും. പാർട്ടികാര്യമെന്ന നിലയിലാണ് മന്ത്രി വിഷയത്തിൽ ഇടപെട്ടത്. എന്നാൽ അതിനപ്പുറം മറ്റൊരു തലത്തിൽ വിഷയം എത്തിക്കാനുള്ള ശ്രമമാണ് ഇവിടെയുണ്ടായത്. ഇക്കാര്യം മന്ത്രി അറിഞ്ഞിരുന്നില്ല അദ്ദേഹം ഒരു തെറ്റും ചെയ്തില്ല – മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മുഖ്യമന്ത്രിക്ക് മറുപടി പറഞ്ഞതിന് ശേഷമാണ് അദ്ദേഹത്തിന് മറുപടിയുമായി വിഡി സതീശൻ രംഗത്ത് എത്തിയത്.
സതീശൻ്റെ വാക്കുകൾ –
സ്ത്രീപീഡന പരാതിയില്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മന്ത്രി എ.കെ ശശീന്ദ്രനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു പെണ്‍കുട്ടി പരാതി നല്‍കിയിട്ട് 22 ദിവസം എഫ്.ഐ.ആര്‍ പോലും ഇടാതെ മന്ത്രിയുടെ ഇടപെടലില്‍ പരാതി പൊലീസ് ഫ്രീസറില്‍ വച്ചു. മുഖ്യമന്ത്രി തല കുനിച്ചാണ് നിയമസഭയിൽ ഇരിക്കുന്നത്. ജാള്യത മറക്കാൻ മുഖ്യമന്ത്രി വിഷയം മാറ്റാൻ ശ്രമിച്ചു. അപമാനിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി ഒതുക്കാൻ ശ്രമിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് ശരിയല്ല. സ്ത്രീയുടെ കൈയ്യിൽ കയറി പിടിച്ചത് നല്ല രീതിയിൽ തീർക്കുന്നത് എങ്ങനെയാണ് ? അങ്ങനെയെങ്കിൽ സ്ത്രീ പീഡന കേസുകൾ തീർക്കാൻ അദാലത്ത് വിളിക്കണം. പരാതികളിൽ മന്ത്രിമാർ ഇടപെടുന്നു, ഇതാണൊ സ്ത്രീ പക്ഷം. സർക്കാർ വേട്ടക്കാർക്കൊപ്പമാണ് അല്ലാതെ ഇരകൾക്കൊപ്പമല്ല. സ്ത്രീകളെ ആക്രമിക്കുന്നവർക്കുള്ള ലൈസൻസാകും മുഖ്യമന്ത്രിയുടെ മറുപടി. ശശീന്ദ്രൻ മന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല.
സർക്കാരിനെതിരെ ആഞ്ഞടിച്ച വിഷയത്തിൽ വാകൗട്ട് പ്രഖ്യാപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. സ്ത്രീകൾക്കെതിരായ അതിക്രമം അതീവ ഗൗരവതരമാണെന്നും ഈ വിഷയം മുഖ്യമന്ത്രി ലഘൂകരിക്കുകയാണെന്നും സ്ത്രീ സുരക്ഷ മുൻനിർത്തി പ്രചാരണം നടത്തുന്ന സർക്കാരിന് യോജിച്ച നടപടിയല്ല ഇതെന്നും ഇറങ്ങിപോകും മുൻപ് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.