തിരുവനന്തപുരത്തെ അടിമലത്തുറയിൽ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ബ്രൂണോ എന്ന നായയെ മൂന്ന് പേർ ചേർന്ന് തല്ലി കൊന്ന സംഭവത്തിൽ പ്രതികരിച്ച് നടി നസ്രിയയും പൂർണിമ ഇന്ദ്രജിത്തും. കഴുവിലേറ്റൂ.. സോറി ബ്രൂണോ എന്നായിരുന്നു ജസ്റ്റീസ് ഫോർ ബ്രൂണോ എന്ന ഹാഷ്ടാഗിൽ ഇൻസ്റ്റാഗ്രാം സ്റ്റോറിലൂടെ പൂർണിമ പ്രതികരിച്ചത്. എന്തുക്കൊണ്ട് മനുഷ്യർ ഇങ്ങനെചെയ്യുന്നുവെന്നായിരുന്നു ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഒരു നായയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് നസ്രിയയുടെ പ്രതികരണം. ബ്രൂണോയ്ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൂർണിമയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയും നസ്രിയ ഷെയർ ചെയ്തിട്ടുണ്ട്.

കടപ്പുറത്തു കളിക്കാന്‍ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നത് എന്നാണ് വിവരം. വലിയ തടിയുമായി എത്തിയ യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുകയായിരുന്നു.
നായയെ വള്ളത്തില്‍ ചൂണ്ടക്കൊളുത്തില്‍ കുരുക്കിയിട്ടാണ് അടിക്കുന്നത്. സംഭവത്തില്‍ പ്രായപൂര്‍ത്തി ആകാത്ത രണ്ടു പേര് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.സംഭവം കണ്ട് സമീപത്ത് ആളുകള്‍ ഉള്ളതും എന്തിനാണ് അതിനെ കൊല്ലുന്നത് എന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. കൊന്നതിന് ശേഷം നായയുടെ ജഡം കടലില്‍ എറിഞ്ഞു.

