കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ടിന് പൂട്ടിട്ട് ട്വിറ്റർ. മന്ത്രിക്ക് ഒരു മണിക്കൂറോളം ട്വിറ്റർ അക്കൗണ്ട് ഉപയോഗിക്കാനായില്ല. യു.എസ് പകർപ്പവകാശം ലംഘിച്ചുവെന്ന ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ചത്. കേന്ദ്രസർക്കാറും ട്വിറ്ററും തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് നടപടി.
രവിശങ്കർ പ്രസാദ് തന്നെയാണ് ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്ത വിവരം ഔദ്യോഗികമായി അറിയിച്ചത്. ട്വിറ്ററിലേക്ക് ലോഗ് ഇൻ ചെയ്യാൻ ശ്രമിച്ചപ്പോൾ ലഭിച്ച സന്ദേശവും മന്ത്രി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, മന്ത്രിക്കുള്ള വിലക്ക് പിന്നീട് ട്വിറ്റർ നീക്കുകയായിരുന്നു. അതേസമയം, ട്വിറ്റർ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
.