കോഴിക്കോട്: വിദ്യാര്‍ഥികളില്‍ ട്രാഫിക് നിയമങ്ങള്‍ സംബന്ധിച്ച അവബോധം ഉണ്ടാക്കാന്‍ ജില്ലയില്‍ ട്രാഫിക് പാര്‍ക്ക് നിര്‍മ്മിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് ഇതിന്റെ നിര്‍മ്മാണം നടത്തുക. കാലിക്കറ്റ് സൈക്കിള്‍ കാര്‍ണിവല്‍ ഉദ്ഘാടനം കാരപറമ്പ് ജി എച്ച് എസ് എസില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ട്രാഫിക് പാര്‍ക്കിനെ കുറിച്ച് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനായി ഒരു സ്വകാര്യ കമ്പനിയെ ഏല്പിച്ചു കഴിഞ്ഞു. നഗരസഭയുമായി കൂടിയാലോചിച്ചായിരിക്കും നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുക. സൈക്കിളിങ്ങിനുള്ള സൗകര്യം, ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവയും ട്രാഫിക് പാര്‍ക്കിലുണ്ടായിരിക്കും. പുതിയ റോഡുകളില്‍ കാല്‍നട യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും പ്രത്യേക ട്രാക്കുകള്‍ ഉണ്ടാക്കും. അതേപോലെ അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കാനായി ഇ- ഓട്ടോകള്‍ കൂടുതലായി നിരത്തിലിറക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശേരി അധ്യക്ഷത വഹിച്ചു. എ പ്രദീപ് കുമാര്‍ എം എല്‍ എ മുഖ്യാതിഥിയായി.
ജില്ലാ ഹയര്‍ സെക്കണ്ടറി വിഭാഗം എന്‍ എസ് എസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൈക്കിള്‍ സ്മൈല്‍ ചാരിറ്റി പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പുനരുപയോഗത്തിന് സാധ്യമായ സൈക്കിളുകള്‍ സ്വീകരിക്കാന്‍ ഹരിത കേരള മിഷന്റേയും കേരള സ്ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെ പുറപ്പെടുന്ന ഗ്രീന്‍ എക്സ്പ്രസ് വാഹനം മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.
വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജില്ലാ പഞ്ചായത്തിന്റെയും ഗ്രീന്‍ കെയര്‍മിഷന്‍ ഗ്രാന്റ് സൈക്കിള്‍ ചാലഞ്ചിന്റെയും നേതൃത്വത്തിലാണ് സൈക്കിള്‍ ബ്രിഗേഡിന്റെ ഭാഗമായി കാലിക്കറ്റ് സൈക്കിള്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. സര്‍ക്കാരിന്റെ വിവിധ മിഷനുകളുടെ പ്രചാരകരാക്കി വിദ്യാര്‍ത്ഥികളെ മാറ്റാനും മികച്ച രീതിയില്‍ സൈക്കിള്‍ ഉപയോഗിക്കാനും കുട്ടികളെ പ്രാപ്തരാക്കാനാണ് സൈക്കിള്‍ ബ്രിഗേഡ് പദ്ധതി ആരംഭിച്ചത്.
കോഴിക്കോട് ജില്ലാ പഞ്ചായത്ത്, ജില്ലാ വിദ്യാഭ്യാസ വകുപ്പ് കേരള മാരിടൈം ബോര്‍ഡ് ,ഹയര്‍ സെക്കണ്ടറി വിഭാഗം എന്‍ എസ് എസ് ,ഹരിത കേരളം മിഷന് ,ഡി ടി പി സി, എന്‍ സി സി .ജില്ലാ ഉത്തരവാദിത്ത ടൂറിസം മിഷന് ,ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റി ,സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.സൈക്കിള്‍ സ്മൈല്‍, ഗ്രീന്‍ എക്സ്പ്രസ്, സൈക്കിള്‍ കളക്ഷന്‍, സൈക്കിള്‍ ക്ലിനിക്ക് , മണ്‍സൂണ്‍ സൈക്കിള്‍ റൈഡ്, ഇ ബൈസിക്കിള്‍ എക്സ്പോ, നാട്ടു നന്മ ഫോട്ടോ പ്രദര്‍ശനം, ഫ്ളാഷ് മോബ്, ഇന്നോവേഷന്‍ എക്സ്പോ, അന്തര്‍ ദേശീയ കയാക്കിങ് താരങ്ങള്‍ക്ക് കോഴിക്കോടിന്റെ വരവേല്പ് തുടങ്ങിയ വേറിട്ട പരിപാടികളും വരും ദിവസങ്ങളില്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
സൈക്കിള്‍ കാര്‍ണിവല്‍ ജനറല്‍ കണ്‍വീനര്‍ കെ.ടി.എ നാസര്‍ സ്വാഗതം പറഞ്ഞു. കാരപ്പറമ്പ് ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ രമ.എ, സിറ്റി ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ എം.കെ ഫൈസല്‍, പി.ടി.എ പ്രസിഡണ്ട് നജീബ് മാളിയേക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.