സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് ഇന്ന് വിരാമമാകും. ഇത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഉന്നതതല യോഗം ചേരും. പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള നാഷണല്‍ എന്‍ട്രന്‍സ് പരീക്ഷകളുടെ കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ അഭിപ്രായം ട്വിറ്ററിലൂടെ തേടിയിട്ടുണ്ട്.
ഇന്ന് 11.30ന് നടക്കുന്ന ഉന്നതതല യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളും. വിദ്യാഭ്യാസ മന്ത്രാലയം വിളിച്ച് ചേര്‍ത്ത യോഗം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലാണ് ചേരുക. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും വിദ്യാഭ്യാസ മന്ത്രിമാര്‍, വിദ്യാഭ്യാസ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായാണ് ചര്‍ച്ച.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍, കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍ എന്നിവരും യോഗത്തിന്റെ ഭാഗമാകും. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങള്‍ യോഗം അവലോകനം ചെയ്യും.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സുരക്ഷിതമായ സാഹചര്യമൊരുക്കി പരീക്ഷ നടത്താനുള്ള സാധ്യതകള്‍ ആണ് യോഗം പരിശോധിക്കുക. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്ത് നിന്ന് ശക്തമായുണ്ട്.
ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രിയെ അടക്കം ഇവര്‍ സമീപിച്ചിരുന്നു. പരീക്ഷ റദ്ദ് ചെയ്യണമെന്നും റദ് ചെയ്യേണ്ടെന്നുമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലും ആണ്. എന്നാല്‍ പല സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപന വേഗത കുറഞ്ഞ സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പുമായി മുന്നോട്ട് പോകാം എന്ന നിലപാടിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സിബിഎസ്ഇയും. മെയ് 4ന് സിബിഎസ്ഇ തുടങ്ങാന്‍ തീരുമാനിച്ചിരുന്ന പരീക്ഷ ആണ് കൊവിഡിനെ തുടര്‍ന്ന് നീണ്ടുപോയത്.