ഉത്തർപ്രദേശിലെ ഗ്രേറ്റ് നോയിഡയിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്നം സ്വദേശിനി രഞ്ചുവാണ് മരിച്ചത്. മതിയായ ചികിത്സ കിട്ടാതെയാണ് രഞ്ചു മരിച്ചതെന്ന് ബന്ധുക്കൾ അരോപിച്ചു.ആശുപത്രിയിൽ ചികിത്സ കിട്ടുന്നില്ലെന്ന് രഞ്ജു കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു.ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലാണ് രഞ്ജു ജോലി ചെയ്തിരുന്നത്. ആശുപത്രിയിൽ കാര്യമായ ചികിത്സ കിട്ടിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ചികിത്സ ഫലപ്രദമല്ലെന്ന് കാണിച്ച് രഞ്ജു കുടുംബത്തിന് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു.
കഴിഞ്ഞ മാസമാണ് രഞ്ചു യു.പിയിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചത്. കോവിഡ് പോസിറ്റീവായതോടെ ഏപ്രിൽ 17ന് ജോലി ചെയ്യുന്ന അതേ ആശുപത്രിയിൽ തന്നെ ചികിത്സ തേടി. പിന്നീട് കോവിഡ് നെഗറ്റീവായെങ്കിലും ന്യുമോണിയ ബാധയെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായി. ബുധനാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദ്യദിവസം മരുന്ന് നൽകിയതിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് ഡോക്ടർ പരിശോധയ്ക്കായി എത്തിയതെന്നും കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും രഞ്ചു സഹോദരിക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ പറയുന്നു.
നാട്ടിലെത്തിക്കണമെന്നും ചികിത്സ നാട്ടിൽ മതിയെന്നും മുഖ്യമന്ത്രിയെ കാര്യങ്ങള് അറിയിക്കണമെന്നും മരണത്തിന് മുമ്പ് രഞ്ചു ആവശ്യപ്പെട്ടിരുന്നു. ഇനി ഒരു നഴ്സിനും ഈ അവസ്ഥയുണ്ടാകരുത്. എങ്ങനെയെങ്കിലും സഹോദരിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന അഭ്യർഥനയാണ് തങ്ങൾക്കുള്ളതെന്നും സഹോദരി പറഞ്ഞു.

