
തമിഴ്നാട് മുഖ്യമന്ത്രിയായി ഡിഎംകെയുടെ എം.കെ. സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ബന്‍വാരിലാൽ പുരോഹിത് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ചെന്നൈയിലെ രാജ്ഭവനിലാണ് ചടങ്ങ് നടന്നത്. സ്റ്റാലിനൊപ്പം 33 പേരും മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.പിതാവും പാര്‍ട്ടി അധ്യക്ഷനുമായ കെ കരുണാനിധിയുടെ മരണത്തിന് പുറകെ ഡിഎംകെ അധ്യക്ഷസ്ഥാനത്തേക്ക് എത്തിയ സ്റ്റാലിൻ ആദ്യമായാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. ചെന്നൈ മേയറായി മികച്ച പ്രകടനം കാഴ്ച വച്ചതിന് പിന്നാലെയുമാണ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. മുഖ്യമന്ത്രി പദത്തിന് പുറമെ ആഭ്യന്തരവകുപ്പും സ്റ്റാലിൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്.ഇത് ആറാം തവണയാണ് ഡിഎംകെ തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നത്. ഏപ്രിൽ 6ന് നടന്ന തിരഞ്ഞെടുപ്പിൽ 234 അംഗ നിയമസഭയിൽ 159 സീറ്റുകളാണ് ഡിഎംകെ സഖ്യത്തിനു ലഭിച്ചത്. ഡിഎംകെയ്ക്കുമാത്രം 133 സീറ്റുകൾ ലഭിച്ചിരുന്നു. ഇതിൽ എംഡിഎംകെയുടെ 4 പേരും എംഎംകെയുടെ രണ്ടും ടിവികെ, കെഎൻഎംകെ പാർട്ടികളുടെ ഓരോരുത്തരും ഡിഎംകെയും ചിഹ്നമായ ഉദയസൂര്യനിലാണ് ജയിച്ചുകയറിയത്.
ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈമുരുഗന്‍, മുന്‍ ചെന്നൈ മേയര്‍ മാ സുബ്രഹ്മണ്യം, പളനിവേല്‍ ത്യാഗരാജന്‍, കെ എന്‍ നെഹ്‌റു ആര്‍ ഗാന്ധി എന്നിവരാണ് സ്റ്റാലിന്‍ മന്ത്രിസഭയിലെ മറ്റ് പ്രമുഖര്‍.
പി ഗീത, എന്‍ കായല്‍വിഴി സെല്‍വരാജ് എന്നിവരാണ് സ്റ്റാലിൻ മന്ത്രിസഭയിലെ വനിതാമന്ത്രിമാര്‍. ജീവന്‍ സാമൂഹ്യക്ഷേമ വനിത ശാക്തീകരണ വകുപ്പും ആദി ദ്രാവിഡ ക്ഷേമ വകുപ്പുമാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്.

ഡിഎംകെ യുവനേതാവും സിനിമാ താരവും മകനുമായ ഉദയനിധി സ്റ്റാലിന് ഇത്തവണ മന്ത്രിസ്ഥാനം നൽകിയിട്ടില്ല. ചെപ്പോക്ക് – തിരുവല്ലിക്കേനി മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തിലാണ് ഉദയനിദി വിജയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയിലടക്കം യുവാക്കളെ അണിനിരത്തി പ്രതിഷേധങ്ങള്‍ നടത്തി ഉദയനിധി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

