
ജമ്മു കശ്മീരിന് ഉചിതമായ സമയത്ത് സംസ്ഥാന പദവി ലഭിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുകശ്മീര്‍ പുനഃസംഘടനാ ഭേദഗതി ബില്ലിന്മേല് ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും സംസ്ഥന പദവി ലഭിക്കില്ലെന്നാണ് ഈ ബില്‍ കൊണ്ടുവരുമ്പോള്‍ പല അംഗങ്ങളും പറയുന്നത്. ഈ ബില്‍ കൊണ്ടുവന്ന തനിക്ക് അതിന്റെ ഉദ്ദേശശുദ്ധി വ്യക്തമാക്കാനുണ്ടെന്നും അമിത് ഷാ പ്രതിപക്ഷ വിമര്‍ശനത്തിന് മറുപടി നല്കി.
ജമ്മു കശ്മീരിന് സംസ്ഥാന പദവി കിട്ടില്ലെന്ന് ഈ ബില്ലില്‍ ഒരിടത്തും പറയുന്നില്ല. പിന്നെ എന്തിനാണ് അത്തരമൊരു നിഗമനത്തിലെത്തുന്നത്. സംസ്ഥാന പദവിയുമായി ഈ ബില്ലിന് ഒരു ബന്ധവുമില്ല. ആ പദവി ഉചിതമായ സമയത്ത് ജമ്മു കശ്മീരിന് ലഭിക്കും. കഴിഞ്ഞ 70 വര്‍ഷം കാശ്മീരിനായി എന്തു ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും അമിത് ഷാ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു.

