ഗസ്റ്റ് ട്രേഡ്സ്മാൻ ഇന്റർവ്യൂ 25ന്
തിരുവനന്തപുരം കൈമനം സർക്കാർ വനിത പോളിടെക്നിക്ക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് (ഹിയറിംഗ് ഇംപയേർഡ് ബാച്ച് ഉൾപ്പെടെ) വിഭാഗത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള ഗസ്റ്റ് ട്രേഡ്സ്മാൻ താൽക്കാലിക ഒഴിവുണ്ട്. കമ്പ്യൂട്ടർ എൻജിനിയറിങ് ഐ.ടി.ഐ(കോപ്പ) അഥവാ തത്തുല്യ യോഗ്യത അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജനുവരി 25 രാവിലെ 10 മണിക്ക് സർക്കാർ വനിത പോളിടെക്നിക്ക് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചയക്ക് ഹാജരാകണം. വിശദവിവരങ്ങൾ www.gwptctvpm.org ൽ ലഭിക്കും.
പി.എൻ.എക്സ്. 342/2021
ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ 25ന്
തിരുവനന്തപുരം, ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ കെമിസ്ട്രി/ഫിസിക്സ് വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒരു ഒഴിവ് വീതം നിലവിലുണ്ട്. അതതു വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം (നെറ്റ് അഭികാമ്യം) ഉള്ള ഉദ്യോഗാർത്ഥികൾ www.gecbh.ac.in എന്ന വെബ്സൈറ്റിൽ അവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്ത ശേഷം ജനുവരി 25ന് രാവിലെ ഒൻപതിന് സ്ക്രീനിങ് ടെസ്റ്റ്/അഭിമുഖത്തിനായി കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471-2300484 എന്ന നമ്പറിൽ ബന്ധപ്പെടണം.
പി.എൻ.എക്സ്. 343/2021
സിവിൽ സർവീസ് പരീക്ഷ: ന്യൂനപക്ഷ ഉദ്യോഗാർത്ഥികളുടെ
ഫീസ് റീംഇംബേഴ്സ് ചെയ്യാൻ 27വരെ അപേക്ഷിക്കാം
അഖിലേന്ത്യാ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈനർ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കോഴ്സ് ഫീസും, ഹോസ്റ്റൽ ഫീസും റീ ഇംബേഴ്സ് ചെയ്യുന്ന പദ്ധതിയിലേക്ക് ജനുവരി 27വരെ അപേക്ഷിക്കാം. കോഴ്സ് ഫീസായി പരമാവധി 20,000 രൂപയും ഹോസ്റ്റൽ ഫീസായി പരമാവധി 10,000 രൂപയുമാണ് നൽകുന്നത്. അപേക്ഷകർ കേരളാ സിവിൽ സർവ്വീസ് അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ റിസർച്ച്-പൊന്നാനി, യൂണിവേഴ്സിറ്റികൾ നടത്തുന്ന പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ സിവിൽ സർവ്വീസ് പരിശീലനം നടത്തുന്നവരും നോൺ ക്രിമിലിയർ പരിധിയിൽ ഉൾപ്പെടുന്നവരുമായിരിക്കണം. വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനം നേരിട്ടു നടത്തുന്ന ഹോസ്റ്റലുകളിൽ നിന്ന് പഠിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിന് അപേക്ഷിക്കാം, അത്തരം സ്ഥാപനങ്ങളിൽ ഫീസ് അടച്ചതിന്റെ അസ്സൽ രസീതിൽ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ മേലൊപ്പ് പതിപ്പിക്കണം. അപേക്ഷകരുടെ വാർഷിക വരുമാനം എട്ടുലക്ഷം രൂപയിൽ കവിയരുത്. ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് മുൻഗണന നൽകും. 80 ശതമാനം അനുകൂല്യം മുസ്ലീം വിദ്യാർത്ഥികൾക്കും, 20 ശതമാനം മറ്റു ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്നവർക്കുമായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 0471-2300524 എന്ന നമ്പറിൽ ബന്ധപ്പെടണം. വെബ്സൈറ്റ്: www.minoritywelfare.kerala.gov.in.
പി.എൻ.എക്സ്. 344/2021
തലസ്ഥാന നഗരിയിൽ പട്ടത്തും ഉള്ളൂരും ഭവന നിർമ്മാണ ബോർഡിന്റെ
വാണിജ്യ സമുച്ചയങ്ങൾ
*ശിലാസ്ഥാപനം മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു
തലസ്ഥാന നഗരിയിൽ സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വാണിജ്യ സമുച്ചയങ്ങൾ ഒരുങ്ങുന്നു. പട്ടം ട്രാഫിക് പോലീസ് ഇൻസ്പെക്ടറുടെ കാര്യാലയത്തിന് എതിർവശത്തായി നിർമ്മിക്കുന്ന വാണിജ്യ സമുച്ചയത്തിന്റെയും ഉള്ളൂരിൽ പി.റ്റി ചാക്കോ നഗറിലൊരുങ്ങുന്ന ഓഫീസ് കൂടി ഉൾപ്പെട്ട വാണിജ്യ സമുച്ചയങ്ങളുടെ ശിലാസ്ഥാപനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. തനതായ പ്രവർത്തന ശൈലിയിലൂടെ മുന്നോട്ടുപോകുന്ന ഭവന നിർമ്മാണ ബോർഡിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനകം ഏഴ് ലക്ഷത്തിൽപരം ജനങ്ങൾക്ക് വീട് വയ്ക്കാൻ വായ്പ നൽകിയത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
പട്ടം ഭവനപദ്ധതിയിലുള്ള 15.06 സെന്റ് ഭൂമിയിലാണ് മൂന്ന് നിലകളിലായാണ് വാണിജ്യ സമുച്ചയം ഒരുങ്ങുന്നത്. 18 കടമുറികൾ, ശുചിമുറി സംവിധാനം, പാർക്കിംഗ് ഏരിയ, ലിഫ്റ്റ് എന്നീ സൗകര്യങ്ങളുണ്ടാകും. താഴത്തെ നിലയിൽ 131 ചതുരശ്ര അടി വരെ വിസ്തീർണമുള്ള ആറ് കടമുറികൾ ഉൾപ്പെടുന്നു. ഒന്നാം നിലയിൽ 137 മുതൽ 334 ചതുരശ്ര അടി വരെ വിസ്തീർണമുള്ള ഏഴ് കടമുറികൾ, രണ്ടാംനിലയിൽ വിവിധ വലുപ്പത്തിലുള്ള മൂന്ന് കടമുറികൾ എന്നിവയാണ് വിഭാവനം ചെയതിട്ടുള്ളത്. പത്ത് കാറുകൾക്കും അതിലധികം ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാം. ഭവന നിർമ്മാണ ബോർഡിന്റെ തനതുഫണ്ടിൽ നിന്നും 2,11,94,000 രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന് 9340 ചതുരശ്ര അടി വിസ്തീർണമുണ്ട്. പദ്ധതിയിൽ നിന്നും 38,35,000 രൂപയാണ് വാർഷിക വരുമാനം പ്രതീക്ഷിക്കുന്നത്.
ഭവന നിർമ്മാണ ബോർഡിന്റെ പി.റ്റി. ചാക്കോ നഗർ ഭവന പദ്ധതിയിലുള്ള 18.245 സെന്റ് ഭൂമിയിലാണ് കൊമേഷ്യൽ കം ഓഫീസ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. മെഡിക്കൽകോളേജ് – ഉള്ളൂർ റോഡ് അരികിൽ തന്നെയുള്ള സ്ഥലത്തിന്റെ വാണിജ്യ പ്രാധാന്യം കണക്കിലെടുത്ത് ഒന്നാം നിലയിൽ 2085 ചതുരശ്ര അടി വാണിജ്യ സ്ഥാപനങ്ങൾക്കായി മാറ്റി വച്ചിരിക്കുകയാണ്. കൂടാതെ താഴത്തെ നിലയിൽ 255 ചതുരശ്ര അടിയുള്ള രണ്ട് കടമുറികളും 14 കാർ പാർക്കിംഗും 53 ചതുരശ്ര മീറ്റർ ഇരുചക്ര വാഹന പാർക്കിംഗും വിഭാവനം ചെയ്തിട്ടുണ്ട്. ലോബി, ഭിന്നശേഷി ക്കാർക്കുള്ള ശുചി മുറി, പൊതു ശുചിമുറി എന്നിവയും താഴത്തെ നിലയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
2297 ചതുരശ്ര അടി വീതം വിസ്തീർണമുള്ള രണ്ടും മൂന്നും നിലകളിൽ വിവിധ ഓഫീസുകൾ പ്രവർത്തിക്കാനുള്ള സൗകര്യമാണുള്ളത്. കൂടാതെ സെക്യൂരിറ്റി ക്യാബിൻ, മാലിന്യ സംസ്കരണ സംവിധാനം, മൾട്ടിലെവൽ കാർ പാർക്കിംഗ്, ലിഫ്റ്റ്, ഫയർ ഫൈറ്റിംഗ് സിസ്റ്റം എന്നീ ആധുനിക സൗകര്യങ്ങളും കെട്ടിടത്തിലുണ്ട്.
സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ തനതു ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന 15080 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ നിർമ്മാണ ചെലവ് 4,63,96,418 രൂപയാണ്. നിർമ്മാണാനുമതി തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നും ലഭ്യമായിട്ടുണ്ട്. 64,32,000 രൂപ വാർഷിക വരുമാനമാണ് പദ്ധതിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഇരു പദ്ധതികളും പത്ത് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭവന നിർമ്മാണ ബോർഡ് സെക്രട്ടറി ആർ. ഗിരിജ റിപ്പോർട്ട് അവതരിപ്പിച്ചു. ‘ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി. പ്രസാദ്, ഡെപ്യൂട്ടി മേയർ പി.കെ രാജു, ചീഫ് എൻജിനീയർ കെ.പി. കൃഷ്ണകുമാർ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
പി.എൻ.എക്സ്. 345/2021
ഡെപ്യൂട്ടേഷൻ നിയമനം
സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kelsa.nic.in.
പി.എൻ.എക്സ്. 346/2021
ക്ഷീരവികസന വകുപ്പിന്റെ മാധ്യമ അവാർഡ് 2020: അപേക്ഷ ക്ഷണിച്ചു
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 11, 12, 13 തീയതികളിൽ കൊല്ലത്ത് നടത്തുന്ന 2020-21 വർഷത്തെ സംസ്ഥാന ക്ഷീരസംഗമത്തോട് അനുബന്ധിച്ച് ക്ഷീരോൽപ്പാദന മേഖലയിലെ മാധ്യമ ഇടപെടലുകൾ കൂടുതൽ ശക്തമാക്കുന്നതിന് മാധ്യമ പ്രവർത്തകർക്കായി കോവിഡ് 19 സാഹചര്യത്തിൽ ക്ഷീരമേഖലയുടെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി ഒരു മാധ്യമ ശിൽപശാല സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി 2020 വർഷം ക്ഷീര വികസന മേഖലയിൽ ശ്രദ്ധേയമായ സംഭാവന നൽകി മാധ്യമ പ്രവർത്തകർക്ക് പുരസ്കാരങ്ങൾ നൽകും. ക്ഷീരവികസനവുമായി ബന്ധപ്പെട്ട് താഴെപറയുന്ന വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾക്കായി എൻട്രികൾ ക്ഷണിച്ചത്.
പൊതുവിഭാഗം: മികച്ച പത്ര റിപ്പോർട്ട്, മികച്ച പത്ര ഫീച്ചർ, മികച്ച ഫീച്ചർ/ലേഖനം(കാർഷിക മാസികകൾ), മികച്ച പുസ്തകം (ക്ഷീരമേഖല), മികച്ച ശ്രവ്യ മാധ്യമ ഫീച്ചർ, മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ട്, മികച്ച ദൃശ്യ മാധ്യമ ഫീച്ചർ, മികച്ച ദൃശ്യ മാധ്യമ ഡോക്കുമെന്ററി/മാഗസിൻ പ്രോഗ്രാം, മികച്ച് ഫോട്ടോഗ്രാഫ്(അതിജീവനം ക്ഷീരമേഖലയിലൂടെ എന്ന വിഷയത്തിൽ).
ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥർക്ക്: മികച്ച് ഫീച്ചർ-ദിനപ്പത്രം, ആനുകാലികം, മികച്ച ഫോട്ടോഗ്രാഫ് (അതിജീവനം ക്ഷീരമേഖലയിലൂടെ എന്ന വിഷയത്തിൽ).
എൻട്രികൾ 2020 ജനുവരി ഒന്ന് മുതൽ 2020 ഡിസംബർ 31വരെ ഉള്ള കാലയളവിൽ പ്രസിദ്ധപ്പെടുത്തിയതായിരിക്കണം. മത്സരം സംബന്ധിച്ചുള്ള നിബന്ധനകളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും (www.dairydevelopment.kerala.gov.in) ലഭ്യമാണ്. വിജയികൾക്ക് 25,000 രൂപ ക്യാഷ് അവാർഡും ഫലകവും പ്രശസ്തി പത്രവും നൽകും. ജനുവരി 29ന് വൈകിട്ട് അഞ്ച് മണിവരെ എൻട്രികൾ സ്വീകരിക്കും. അയക്കേണ്ട വിലാസം: കെ.ശശികുമാർ, ഡെപ്യൂട്ടി ഡയറക്ടർ(പ്ലാനിംഗ്), ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം പി.ഒ., തിരുവനന്തപുരം-695 004. ഫോൺ: 9446376988, 9745195922.
പി.എൻ.എക്സ്. 347/2021
പത്താം തരം തുല്യതാ സേ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
2020 നവംബറിൽ നടത്തിയ പത്താം തരം തുല്യതാ സേ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.keralapareekshabhavan.in ൽ ലഭിക്കും.
പി.എൻ.എക്സ്. 348/2021
ആശ്വാസനിധി മുഴുവൻ പേർക്കും ധനസഹായം അനുവദിച്ചു
*പദ്ധതിയ്ക്ക് പുതുതായി അനുവദിച്ചത് 27.50 ലക്ഷം രൂപ
അതിക്രമങ്ങൾ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തിര ധനസഹായം നൽകുന്ന സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതിയിലൂടെ അർഹരായ മുഴുവൻ പേർക്കും ധനസഹായം അനുവദിച്ച് ഉത്തരവായതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഗാർഹിക അതിക്രമങ്ങൾ ഉൾപ്പെടെ പീഡനത്തിനിരയായവരുടെ പുനരധിവാസത്തിനായി 27.50 ലക്ഷം രൂപയുടെ അനുമതിയാണ് നൽകിയത്. 2018ൽ ആശ്വാസനിധി പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് അപേക്ഷിച്ച 95 പേരെ പ്രത്യേകം പരിഗണിച്ച് ധനസഹായം നൽകിയതോടെയാണ് അപേക്ഷിച്ച മുഴുവൻ പേർക്കും സഹായം ലഭിക്കുന്നത്. തൃശൂർ 27, പാലക്കാട് 14, തിരുവനന്തപുരം 11, പത്തനംതിട്ട 5, ആലപ്പുഴ 11, കോഴിക്കോട് 27 എന്നിങ്ങനെയാണ് അപേക്ഷ ലഭിച്ചത്. ഈ പദ്ധതിയിലൂടെ ഇതുവരെ 359 പേർക്ക് 2.23 കോടി രൂപ അനുവദിക്കുവാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ലൈംഗികാതിക്രമം, ആസിഡ് ആക്രമണം, ഗാർഹിക പീഡനം, ഹീനമായ ലിംഗവിവേചനം എന്നിങ്ങനെ അതിക്രമങ്ങൾ അതിജീവിച്ചവർക്കാണ് ധനസഹായം നൽകുന്നത്. ഓരേ വിഭാഗത്തിന്റേയും തീവ്രതയനുസരിച്ച് 25,000 രൂപ മുതൽ 2 ലക്ഷം രൂപ വരെയാണ് ധനസഹായം അനുവദിക്കുന്നത്.
അതിക്രമങ്ങളിലൂടെ അടിയന്തരവും ഗുരുതരവുമായ ശാരീരിക മാനസിക ആരോഗ്യ സാമ്പത്തിക പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ ആശ്വാസമാകാനാണ് ഈ സർക്കാർ ആശ്വാസനിധി പദ്ധതി നടപ്പാക്കിയത്. ഗാർഹിക പീഡനത്താലുണ്ടാകുന്ന ശാരീരികവും മാനസികവുമായ പരിക്കുകൾ, മനുഷ്യക്കടത്തിൽ നിന്നും രക്ഷപ്പെട്ട സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് 25,000 രൂപ മുതൽ 50,000 രൂപ വരെയും, പോക്സോ ആക്ടിനു കീഴിലുള്ള ലൈംഗികാതിക്രമങ്ങൾ, ബലാത്സംഗം, കൂട്ടബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമങ്ങൾ, അതിക്രമം നിമിത്തം ഗർഭം ധരിച്ചവർ, അംഗഭംഗം, ജീവഹാനി, ഗർഭസ്ഥ ശിശുവിന്റെ നഷ്ടം, വന്ധ്യത സംഭവിക്കൽ, തീപ്പൊളളലേൽക്കൽ എന്നിങ്ങനെയുള്ള അതിക്രമങ്ങൾക്ക് 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെയും, ആസിഡ് ആക്രമണം നേരിട്ടവർക്ക് 1 ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെയുമാണ് തുക അനുവദിക്കുന്നത്.
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുകയോ സ്വമേധയാ വെളിപ്പെടുകയോ ചെയ്താൽ കുട്ടികളുടെ പരാതിയിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസറും, സ്ത്രീകളുടെ പരാതിയിൽ വനിത സംരക്ഷണ ഓഫീസറും വിവിധ രേഖകൾ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നു. ഇവരുടെ റിപ്പോർട്ടും ശിപാർശയും ഉൾപ്പെടെ പരിശോധിച്ചാണ് സംസ്ഥാന തലത്തിൽ നിന്നു തുക അനുവദിച്ചു വരുന്നത്.
പി.എൻ.എക്സ്. 349/2021
ഒറ്റയ്ക്കല്ല ഒപ്പമുണ്ട്: 66 ലക്ഷം പേർക്ക് സൈക്കോ സോഷ്യൽ സേവനങ്ങൾ നൽകി
കേരളത്തിൽ കോവിഡ്-19 നിയന്ത്രണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ എല്ലാ വിഭാഗത്തിനുമായി ഇതുവരെ 66 ലക്ഷം പേർക്ക് സൈക്കോ സോഷ്യൽ സപ്പോർട്ട് സേവനങ്ങൾ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇതിനായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ 1304 മാനസികാരോഗ്യ പ്രവർത്തകരെയാണ് സജ്ജമാക്കിയത്. 2020 ഫെബ്രുവരി നാലിന് ആരംഭിച്ച സർക്കാർ സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം ആശുപത്രിയിലും വീട്ടിലും നീരിക്ഷണത്തിൽ കഴിഞ്ഞിരുന്ന 28.24 ലക്ഷം പേർക്ക് മാനസികാരോഗ്യ പരിചരണം നൽകിയതായും മന്ത്രി വ്യക്തമാക്കി.
വീട്ടിലും ആശുപത്രിയിലും നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഉണ്ടായേക്കാവുന്ന ടെൻഷൻ, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും അവരുടെ ബന്ധുകൾക്കുള്ള ആശങ്കയും കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. ആരോഗ്യ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവരുടെ സഹകരണത്തോടെ മാനസികാരോഗ്യ പരിപാടിയിയുടെ കീഴിൽ സ്കൂൾ കൗൺസിലർമാരേയും ഐ.സി.ടി.സി. കൗൺസിലർമാരെയും ഉൾപ്പെടുത്തിയാണ് മാനസികാരോഗ്യ സാമൂഹിക പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിച്ച് വരുന്നത്.
നീരിക്ഷണത്തിലുള്ള ഓരോരുത്തരുമായും മാനസികാരോഗ്യ പ്രവർത്തകർ ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് അതിനുള്ള പരിഹാര മാർഗങ്ങളും ചികിത്സയും മാനസികാരോഗ്യ പരിപാടിയിലെ വിദഗ്ധർ നൽകുന്നു. കുടുംബാംഗങ്ങൾക്കും ആവശ്യമെങ്കിൽ കൗൺസിലിംഗ് നൽകും. കൂടാതെ അവർക്ക് തിരിച്ച് ബന്ധപ്പെടാൻ വേണ്ടി ഹെൽപ് ലൈൻ നമ്പറും നൽകും.
കൂടാതെ കോവിഡ്-19 രോഗം സ്ഥിരീകരിച്ച് ഐസോലെഷൻ വാർഡുകളിൽ കഴിയുന്നവരെ പ്രത്യേകമായി വിളിച്ച് സാന്ത്വനം നൽകുന്നതിനൊപ്പം അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് പറ്റുന്നിടത്തോളം സേവനങ്ങൾ ഉറപ്പ് വരുത്തുകയും ചെയ്യുന്നു.
ഇതിനു പുറമേ ലോക്ക് ഡൗൺ സമയത്ത് മാനസിക സാമൂഹിക പ്രശ്നങ്ങൾ കൂടുതലായി അനുഭവിക്കാൻ സാധ്യതയുള്ള ഭിന്നശേഷിക്കാരുടെ മാതാപിതാക്കൾ, ഒറ്റയ്ക്ക് താമസിക്കുന്ന വായോജനങ്ങൾ, അതിഥി തൊഴിലാളികൾ, മനോരോഗത്തിന് ചികിൽസയിൽ ഉള്ളവർ എന്നിവരെ പ്രത്യേകമായി വിളിച്ച് ടെലി കൗൺസിലിംഗ് സേവനങ്ങൾ നൽകിയിട്ടുണ്ട്. ഇതിനായി ഡി.ഇ.ഐ.സി., എം.ഐ.യു. തെറാപ്പിസ്റ്റുകൾ, ബഡ്സ് സ്കൂൾ, സ്പെഷ്യൽ സ്കൂൾ അധ്യാപകർ എന്നിവരും സൈക്കോ സോഷ്യൽ സപ്പോർട്ട് ടീമിൽ പ്രവർത്തിച്ചു. 74,087 ഭിന്നശേഷി കുട്ടികൾക്കും, മനോരോഗ ചികിത്സയിൽ ഇരിക്കുന്ന 31,520 പേർക്കും ഇത്തരത്തിൽ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
കോവിഡ് നിയന്ത്രണ രംഗത്ത് പ്രവർത്തിക്കുന്നവരിൽ മാനസിക സമ്മർദം ലഘൂകരിക്കുന്നതിനും മാനസികാരോഗ്യം നിലനിർത്തുന്നതിനും പദ്ധതി ആവിഷ്കരിച്ചു. 40,543 ജീവനക്കാർക്കാണ് മാനസികാരോഗ്യ പരിചരണം നൽകിയത്. നിരീക്ഷണത്തിലിരുന്ന 28,24,778 പേർക്ക് ആശ്വാസ കോളുകൾ നൽകി. ഇവർക്ക് 25,77,150 ഫോളോ അപ്പ് കോളുകളും നൽകിയിട്ടുണ്ട്. 55,253 കോളുകളാണ് ഹെൽപ്പ് ലൈൻ നമ്പറിൽ കിട്ടിയിട്ടുള്ളത്.
കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്നങ്ങൾ നേരിടുന്നതിനും ആത്മഹത്യാ പ്രവണത ചെറുക്കുന്നതിനുമായി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ സേവനങ്ങൾ സ്കൂൾ കുട്ടികളിലേക്കും 2020 ജൂൺ മുതൽ വ്യാപിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് 5,62,390 കോളുകൾ സ്കൂൾ കുട്ടികൾക്ക് നൽകിയിട്ടുണ്ട്. ഇതിൽ 55,882 കുട്ടികൾക്ക് കൗൺസിലിംഗ് സേവനങ്ങളും ലഭ്യമാക്കി.
എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടിക്കു കീഴിൽ സൈക്കോ സോഷ്യൽ ഹെൽപ് ലൈൻ നമ്പറുകൾ ലഭ്യമാണ്. ഇതിന് പുറമേ സംസ്ഥാന അടിസ്ഥാനത്തിൽ ദിശ ഹെൽപ് ലൈൻ 1056, 0471 2552056 എന്നീ നമ്പറുകളിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്.

