ആമസോണ്‍ പ്രൈമിന്റെ പുതിയ വെബ് സീരീസായ താണ്ഡവ് മതസ്പര്‍ദ്ധ വളര്‍ത്തുന്നുവെന്ന ആരോപണമുയര്ത്തിക്കാട്ടി സീരീസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ എഫ് അര് ആര് രജിസ്റ്റര്‍ ചെയ്തു. യുപി ലക്നൗവിലെ ഹസ്രത്ഗഞ്ജ് പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു, ഹിന്ദു ദൈവങ്ങളെയും മോശമായി ചിത്രീകരിച്ചു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
സീരീസിന്റെ സംവിധായകന് അലി അബ്ബാസ് സഫര്‍, എഴുത്തുകാരന് ഗൗരവ് സോളങ്കി, ആമസോണ്‍ പ്രൈം ഇന്ത്യയുടെ ഒറിജിനല്‍ കണ്ടന്റ് ഹെഡ് അപര്‍ണ പുരോഹിത്, നിര്‍മ്മാതാവ് ഹിമാന്‍ഷും കൃഷ്ണ മെഹ്റ എന്നിവര്‍ക്കെതിരെയാണ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ (രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമം), 295 (മത ചിഹ്നങ്ങളെ അപമാനിക്കല്‍), 505 (1) (ബി) പൊതുജനങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമം, 469 (അപകീര്‍ത്തിപ്പെടുത്തല്‍) ഇങ്ങനെയാണ് വകുപ്പുകള്‍. ഐടി വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
നേരത്തെ താണ്ഡവിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. താണ്ഡവ് വിലക്കണം എന്നാവശ്യപ്പെട്ട് വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാദവേക്കറിന് ബിജെപി എം എല്‍ എ നന്ദ് കിഷോര്‍ ഗുര്‍ജാര്‍ കത്തയച്ചു. സംവിധായകന് അലി അബ്ബാസ് സഫറിനെതിരെയും സീരീസിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടന് സെയ്ഫ് അലി ഖാനെതിരെയും മറ്റൊരു നടന് മുഹമ്മദ് സീഷാന്‍ അയ്യൂബിനെതിരെയും ദേശ സുരക്ഷാനിയമം ചുമത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ജനുവരി 15നാണ് താണ്ഡവ് ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്തു തുടങ്ങിയത്. സൈഫ് അലി ഖാനും സീഷാന്‍ അയ്യൂബിനും ഒപ്പം ഡിമ്പിള്‍ കപാഡിയ, കുമുദ് മിശ്ര തുടങ്ങിയവരും സീരീസില്‍ അഭിനയിച്ചിരുന്നു.

