ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയായി. ഉമ്മന്‍ചാണ്ടി ഇത്തവണ മത്സരിക്കണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്ന കാര്യത്തില്‍ ഇപ്പോള്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഒരു മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ മുന്നോട്ടുവച്ചാകില്ല കോണ്‍ഗ്രസും യുഡിഎഫും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക. മുഖ്യമന്ത്രി ആരെന്ന് നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നും തന്നെയാകും ജനവിധി തേടുക. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് കാലത്ത്, ആരാണ് മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെന്ന കാര്യത്തില്‍ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയായിരുന്ന, ഉമ്മന്‍ചാണ്ടി തന്നെയാണ് യുഡിഎഫിനെ നയിച്ചത്. എന്നാല്‍ ഇത്തവണ അങ്ങനെയല്ല സ്ഥിതി. രമേശ് ചെന്നിത്തലയാണ് പ്രതിപക്ഷനേതാവ്. ചെന്നിത്തല തന്നെയാണോ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെന്ന ചോദ്യങ്ങളാണ് ഉയര്‍ന്നിരുന്നത്. ആരാണ് യുഡിഎഫിനെ നയിക്കുന്നത്? ലീഗോ അതോ കോണ്‍ഗ്രസോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ പിണറായി അടക്കമുള്ളവര്‍ യുഡിഎഫിനെ നോക്കി ഉന്നയിക്കുക കൂടി ചെയ്ത സാഹചര്യത്തില്‍, ഹൈക്കമാന്‍ഡ് വളരെ സജീവമായി കേരളത്തിലെ പ്രചാരണത്തിന് നേതൃത്വം നല്കുമെന്നുറപ്പാണ്. കോണ്‍ഗ്രസ് പ്രതീക്ഷയുള്ള പച്ചത്തുരുത്തായ കേരളം കൈവിടാതിരിക്കാന്‍ പരമാവധി നോക്കും.
പ്രചാരണത്തില്‍ കേന്ദ്രനേതൃത്വം സജീവമായി ഇടപെടും. പ്രഖ്യാപനത്തിനു ശേഷം എ കെ ആന്റണി മുഴുവന്‍ സമയവും കേരളത്തില്‍ ഉണ്ടാവും. സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള ചര്‍ച്ച കേരളയാത്ര തുടങ്ങിയ ശേഷമാകും ഉണ്ടാകുക. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡിന്റെ ശക്തമായ ഇടപെടലാകും ഉണ്ടാകുക എന്നതുറപ്പാണ്. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം ഉറപ്പാക്കാന്‍ പഴയ ചിലരെ ഒഴിവാക്കേണ്ടി വരുമെന്ന തരത്തിലുള്ള സൂചനകളും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്കുന്നു.