ഇന്ത്യയില്‍ കോവിഡ് ഗുരുതരമായി ബാധിച്ചത് പുരുഷന്മാരെ. കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടു. 1.47 ലക്ഷം പേരാണ് ജനുവരി മുതല്‍ രാജ്യത്തു രോഗം ബാധിച്ച് മരിച്ചത്. അതില്‍ 70 ശതമാനവും പുരുഷന്മാരാണെന്നാണ് കണക്കുകളില്‍ പറയുന്നത്. ഇന്ത്യയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് പഴയതിനെ അപേക്ഷിച്ച് 70 ശതമാനം അധികം വ്യാപനശേഷിയുള്ളതാണെന്നും മന്ത്രാലയം അറിയിച്ചു.
കോവിഡ് ബാധിച്ച് ആകെ മരിച്ചവരില്‍ 70 ശതമാനവും പുരുഷന്മാരാണ്. അറുപതു വയസില്‍ താഴെയുള്ളവരാണ് മരിച്ചവരില്‍ 45 ശതമാനവുമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. ആകെ രോഗം ബാധിച്ചവരില്‍ 63 ശതമാനവും പുരുഷന്മാരാണ്. ഇതില്‍ 52 ശതമാനം പേര്‍ 18-44 വയസുള്ളവരും. ഈ വിഭാഗത്തില്‍ 11 ശതമാനം മരണം മാത്രമാണു റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ദിവസവും രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 300ല്‍ താഴെയായി. 2.7 ലക്ഷം പേരാണ് ഇപ്പോള്‍ രോഗബാധിതരായി ചികിത്സയിലുള്ളതെന്നും മന്ത്രാലയം അറിയിച്ചു.
വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ വിദേശത്തുനിന്ന് ഡിസംബര്‍ 9നും 22നും ഇടയില്‍ എത്തിയ കോവിഡ് രോഗികളുടെ ജീനോം സീക്വന്‍സിങ് നിര്‍ബന്ധമായി നടത്തുമെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. തുടക്കമായതിനാല്‍ പുതിയ വൈറസിനെ കണ്ടെത്താനും വ്യാപനം തടയാനും എളുപ്പമാണെന്നും അധികൃതര്‍ പറഞ്ഞു. അടുത്തിടെ യുകെയില്‍ നിന്നെത്തിയ ആറു പേര്‍ക്കാണു പുതിയ വൈറസ് ബാധ കണ്ടെത്തിയത്.

