തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നേതാക്കൾ കൊവിഡ് ബാധിതരാകുന്നതിൽ ആശങ്കപ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എംകെ മുനീർ, കോൺഗ്രസ് നേതാക്കളായ വിഎം സുധീരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ കൊവിഡ് ബാധിതരായി ചികിത്സയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ ആലപ്പുഴയിലെ കോൺഗ്രസ് നേതൃത്വത്തെയൊന്നാകെ കൊവിഡ് പിടികൂടിയത് പ്രചാരണത്തേയും പാർട്ടിയുടെ പ്രകടനത്തേയും ബാധിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് പിസി വിഷ്ണുനാഥ്, എഎ ഷുക്കൂർ, എം മുരളി, ഷാനിമോൾ ഉസ്മാൻ , ഡിസിസി പ്രസിഡന്റ് എം ലിജു , യുഡിഎഫ് ജില്ലാ കൺവീനർ ഷാജി മോഹൻ എന്നിവർ തെരഞ്ഞെടുപ്പുവേളയിലൊണ് കൊവിഡ് ബാധിതരായത്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെയുള്ള രണ്ടാഴ്ച്ച നിർണായകമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജീകരിക്കുകയാണ് ആരോഗ്യ വകുപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കി കൂടുതൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും കണ്ടെത്തുന്നുണ്ട്. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിൽ വലിയ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്