
ആന്ധ്രാപ്രദേശിലെ എലൂരില്‍ ദുരൂഹ രോഗം ബാധിച്ച് ആശുപത്രിയില്‍ എത്തിച്ചവരുടെ എണ്ണം 292 ആയി. ഒരാള്‍ മരണപ്പെട്ടു. ചര്‍ദ്ദി, അപസ്മാരം എന്നീ ലക്ഷണങ്ങളോടെ എലൂരുവിലെ ജി.ജി.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 45 കാരനാണ് വൈകിട്ടോടെ മരിച്ചത്.
ആരോഗ്യസ്ഥിതി മോശമായ ഏഴ് പേരെ വിജയവാഡയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തുടര്‍ ചികിത്സയ്ക്കും മറ്റുമായി പ്രത്യേക ഡോക്ടര്‍മാരുടെ സംഘത്തെ എലൂരുവിലേക്ക് അയച്ചതായി ആരോഗ്യവിഭാഗം അറിയിച്ചു.
140 ല്‍ അധികം രോഗികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും ഇവരെ ചികിത്സ നല്കിയ ശേഷം വീടുകളിലേക്ക് തിരിച്ചയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം സമയം ആശുപത്രിയില്‍ കഴിയുന്ന മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് വെസ്റ്റ് ഗോദാവരി ജില്ലാ മെഡിക്കല്‍ വിഭാഗം അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡി ആന്ധ്രാ പ്രദേശ് ചീഫ് സെക്രട്ടറി നിലം സാവ്നിയുമായി ഫോണില്‍ സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം തലക്കറക്കവും ചര്‍ദ്ദിയും വന്ന് ആളുകള്‍ പൊടുന്നനെ അബോധാവസ്ഥയിലായതിന്റെ കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ആശുപത്രിയിലെത്തിച്ചവരുടെ രക്തപരിശോധനയും സി.ടി സ്കാനും ഉള്‍പ്പെടെ നടത്തിയെങ്കിലും പെട്ടെന്നുള്ള രോഗത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നാണ് അറിയുന്നത്.
സെറിബ്രല്‍ സ്പൈനല്‍ ഫ്ലൂയിഡ് ടെസ്റ്റുകളിലും അസാധാരണമായ ഒന്നും കണ്ടെത്തിയിട്ടില്ല. കണ്‍ച്ചറല്‍ ടെസ്റ്റ് ഫലം പുറത്തുവരുന്നതോടെ മാത്രമേ രോഗകാരണത്തെ കുറിച്ച് എന്തെങ്കിലും സൂചന ലഭിവെന്ന് ആരോഗ്യവിഭാഗം അറിയിച്ചു . ഇ-കോളി ഫലങ്ങള്‍ കൂടി ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നും ജില്ലാ ജോയിന്റ് കളക്ടര്‍ ഹിമാന്‍ഷു ശുക്ല പറഞ്ഞു.

