
ഹാഥ്റസിലെ ബലാത്സംഗകൊലപാതകക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത കേസില്‍ ജാമ്യം തേടിയുള്ള ഹര്‍ജിയില്‍ പൊലീസിനും യുപി സര്‍ക്കാരിനും നോട്ടീസയച്ച് സുപ്രീംകോടതി. കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും, യുപി സര്‍ക്കാരിനും പൊലീസിനും എന്താണ് പറയാനുള്ളതെന്ന് കേട്ടിട്ട് തീരുമാനമെടുക്കാമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കേസ് ഇനി വെള്ളിയാഴ്ച പരിഗണിക്കും.
പ്രമുഖ അഭിഭാഷകന് കപില്‍ സിബലാണ് സിദ്ദിഖ് കാപ്പന് വേണ്ടി കെയുഡബ്ല്യുജെ ദില്ലി ഘടകം നല്കിയ ഹര്‍ജിയില്‍ ഹാജരായത്. എന്തുകൊണ്ട് ഹര്‍ജിക്കാര്‍ ജാമ്യഹര്‍ജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കുന്നില്ല എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്നാല്‍ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും, അഭിഭാഷകന് സിദ്ദിഖിനെ കാണാന്‍ പോലും അനുമതി ലഭിക്കുന്നില്ലെന്നും കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. സിദ്ദിഖ് കാപ്പനെ കാണാതെ ജാമ്യഹര്‍ജി നല്‍കുന്നതെങ്ങനെയെന്നും കപില്‍ സിബല്‍ ചോദിച്ചു. തുടര്‍ന്ന് കാപ്പന് ഇപ്പോള്‍ ഏത് ജയിലിലാണുള്ളതെന്ന് കോടതി ചോദിച്ചു. മഥുര ജയിലിലാണുള്ളതെന്ന് സിബല്‍ അറിയിച്ചു.
ഈ സാഹചര്യത്തിലാണ്, ഉത്തര്‍പ്രദേശ് സര്‍ക്കാരിനും പൊലീസിനും സുപ്രീംകോടതി നോട്ടീസയച്ചത്. അവര്‍ക്ക് പറയാനുള്ളതെന്തെന്ന് കേട്ട ശേഷം കേസില്‍ തീരുമാനമെടുക്കാമെന്നും, കോടതി വ്യക്തമാക്കി. കേസിന്റെ മെറിറ്റില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും കോടതി അറിയിച്ചു.
റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിക്ക് മനുഷ്യാവകാശം ചൂണ്ടിക്കാട്ടി ഉടന്‍ ജാമ്യം നല്കിയ, നടപടി ചൂണ്ടിക്കാട്ടി സമാനമായ അവകാശം സിദ്ദിഖ് കാപ്പനുമുണ്ടെന്ന് വാദിച്ചാണ് കെയുഡബ്ല്യുജെ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. സിദ്ദിഖ് കാപ്പനെ കാണാന്‍ അഭിഭാഷകനെ അനുവദിക്കണം, കെയുഡബ്ല്യുജെ പ്രതിനിധികള്‍ക്ക് കാപ്പനെ കാണാന്‍ അനുമതി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
42 ദിവസമായി സിദ്ദിഖ് കാപ്പന് ജയിലില്‍ കഴിയുകയാണ്. കൃത്യമായ തെളിവുകളില്ലാതെയാണ് കാപ്പന് മേല്‍ യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയത്. ബോധപൂര്‍വം കേസില്‍ കാപ്പനെ പ്രതിയാക്കുകയായിരുന്നു. കാപ്പന് ഹാഥ്റസില്‍ പോയത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാണ്. കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

