അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ മൂന്നാം ദിവസത്തിലേക്ക് കടക്കവേ തെരഞ്ഞെടുപ്പ് ഫലം ഫോട്ടോ ഫിനിഷിലേക്ക്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ലീഡ് ചെയ്യുന്ന ജോര്‍ജിയയിലും പെന്‍സില്‍വാനിയയിലും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ കുതിച്ചു കയറുകയാണ്. അതേ സമയം, ബൈഡന് നിര്‍ണായക ഭൂരിപക്ഷമുണ്ടായിരുന്ന അരിസോണയിലാകട്ടെ, ട്രംപിനും വിജയ പ്രതീക്ഷയുണ്ട്.
ജോര്‍ജിയയില്‍ ഒരു ശതമാനം വോട്ടുകള്‍ (50,000) മാത്രമെണ്ണാനുള്ളപ്പോള്‍ ബൈഡന് കേവലം 1775 വോട്ടുകള്‍ക്ക് പുറകിലാണ്. ഇവിടെ ബൈഡന് വിജയ പ്രതീക്ഷയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ട്രംപ് തുടക്കം മുതല്‍ കനത്ത ലീഡ് നിലനിര്‍ത്തിയിരുന്ന പെന്‍സില്‍വാനിയയില്‍ അദ്ദേഹത്തിന്റെ ലീഡ് നില 22,500 ആയി കുറഞ്ഞു. ഇവിടെ ഇനി അഞ്ചു ശതമാനം വോട്ടുകള്‍ (3.49 ലക്ഷം) വോട്ടുകള്‍ കൂടി എണ്ണാനുണ്ട്. ട്രംപിന് 49.59 ശതമാനം വോട്ടും ബൈഡന് 49.26 ശതമാനം വോട്ടുകളുമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
ഈ സംസ്ഥാനങ്ങളില്‍ ഇനി എണ്ണാനുള്ളത് തപാല്‍ വോട്ടുകളായതിനാല്‍ ഇത് നിര്‍ത്തി വയ്ക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. അവര്‍ തെരഞ്ഞെടുപ്പ് തട്ടിപ്പു നടത്തുകയാണ്. ഇത് അനുവദിക്കാന്‍ പറ്റില്ല. ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുംം, ട്രംപ് പറഞ്ഞു. ട്രംപില്‍ നിന്ന് ബൈഡന്‍ പിടിച്ചെടുത്ത വിസ്‌കോസിനിലും മിഷിഗണിലും വീണ്ടും വോട്ടെടുപ്പ് വേണമെന്നും നിലവിലെ പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ജോര്‍ജിയ അടക്കം വിവിധ സംസ്ഥാനങ്ങളില്‍ കോടതികളെ ഇതിനകം തന്നെ ട്രംപ് സമീപിച്ചെങ്കിലും ഇവിടെയൊന്നും തന്നെ അദ്ദേഹത്തിന് അനുകൂലമായ ഉത്തരവുകള്‍ കിട്ടിയിട്ടില്ല. അതുകൊണ്ടു തന്നെ ട്രംപിന്റെ നിയമ പോരാട്ടം സുപ്രീം കോടതിയിലേക്ക് നീങ്ങാനും ഇടയുണ്ട്.
അതേ സമയം, നേരത്തെ ഫോക്‌സ് ന്യൂസും എ.പിയും ബൈഡന്റെ വിജയം പ്രഖ്യാപിച്ച അരിസോണയില്‍ ട്രംപിന്റെ മൂന്നേറ്റം തുടരുകയാണ്. ഇവിടെ ഇപ്പോള്‍ 47,052 വോട്ടുകള്‍ക്ക് മാത്രം പിന്നിലാണ് ട്രംപ്. ശക്തമായ റിപ്പബ്ലിക്കന്‍ സംസ്ഥാനമായ അരിസോണയില്‍ ബൈഡനുണ്ടായ മുന്നേറ്റം അതിശയിപ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവിടെ നിലവില്‍ ബൈഡന് 50.1 ശതമാനവും ട്രംപിന് 48.5 ശതമാനവും വോട്ടുണ്ട്. ഇവിടെ വോട്ടെണ്ണല്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.
തെരഞ്ഞെടുപ്പ് ഫലം അറിയാനുള്ള മറ്റ് സംസ്ഥാനങ്ങളായ നോര്‍ത്ത് കരോലിന, അലാസ്‌ക എന്നിവിടങ്ങളില്‍ ട്രംപും നെവാദയില്‍ ബൈഡനുമാണ് മുന്നേറുന്നത്. നോര്‍ത്ത് കരോലിനയില്‍ ഇനി ആറു ശതമാനം വോട്ടുകള്‍ കൂടി എണ്ണാനുള്ളപ്പോള്‍ ബൈഡന്‍ 76,000 വോട്ടുകള്‍ക്ക് പിന്നിലാണ്. അലാസ്‌കയില്‍ 50 ശതമാനം വോട്ടുകള്‍ മാത്രമാണ് എണ്ണിക്കഴിഞ്ഞിട്ടുള്ളത്. ട്രംപിന്റെ ശക്തികേന്ദ്രമായ ഇവിടെ അദ്ദേഹത്തിന് 54,000 വോട്ടുകളുടെ ഭൂരിപക്ഷം ഇപ്പോള്‍ തന്നെയുണ്ട്. നിര്‍ണായക സംസ്ഥാനമായി മാറിയ നെവാദയില്‍ 11,438 വോട്ടുകള്‍ക്ക് മുന്നിലാണ് ബൈഡന്‍ ഇപ്പോള്‍. ഇവിടെ ഇനിയും 16 ശതമാനം (2.33 ലക്ഷം) വോട്ടുകള്‍ കൂടി എണ്ണാനുണ്ട്. നിലവില്‍ 253 ഇലക്ടറല്‍ വോട്ടുകള്‍ നേടിയിട്ടുള്ള ബൈഡന് അരിസോണയിലെ 11 വോട്ടുകള്‍ കൂടി ചേര്‍ത്ത് 264 വോട്ടുകളാണ് നേരത്തെ കണക്കു കൂട്ടിയിരുന്നത്. നെവാദയിലെ ആറ് വോട്ടുകള്‍ കൂടി നേടിയാല്‍ വിജയത്തിനുള്ള 270 ആകുമെന്നും കണക്കു കൂട്ടിയിരുന്നു. എന്നാല്‍ അരിസോണയിലെ ഫലം അനിശ്ചിതത്വത്തിലായതോടെ 16 ഇലക്ടറല്‍ വോട്ടുകളുള്ള ജോര്‍ജിയ വിജയിക്കുമോ എന്നതാണ് ബൈഡന്‍ ഉറ്റു നോക്കുന്നത്. ഇവിടെയും നെവാദയിലും കൂടി വിജയിച്ചാല്‍ അദ്ദേഹമാകും അടുത്ത അമേരിക്കന്‍ പ്രസിഡന്റ്. ഇന്ത്യന്‍ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡന്റും.