തിരുവനന്തപുരം: എക്സൈസ് മന്ത്രി അറിയാതെ അടിയന്തരമായി പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിയ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ക്രമക്കേടിന് പിന്നിൽ പ്രവർത്തിച്ച രണ്ട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർ വഴിവിട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവർ മുൻപും സമാനമായ രീതിയിൽ ക്രമക്കേടുകൾ നടത്തിയിട്ടുണ്ടോ എന്ന കാര്യവും വിജിലൻസ് പരിശോധിക്കും.
അപേക്ഷ സമർപ്പിച്ച് വെറും 24 മണിക്കൂറിനുള്ളിൽ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. മൂവാറ്റുപുഴയിലെ ബാറിനായി ജൂൺ 23-ന് നൽകിയ അപേക്ഷയിൽ തൊട്ടടുത്ത ദിവസമായ ജൂൺ 24-ന് തന്നെ ലൈസൻസ് അനുവദിച്ചു നൽകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ പി.കെ. സതീഷ്, കോട്ടയത്തിന്റെ അധികച്ചുമതലയുള്ള പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണർ ഷിബു പി.എൽ. എന്നിവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. നിലവിലുള്ള ബിയർ ആൻഡ് വൈൻ പാർലറുകളുടെ ലൈസൻസ് തരംമാറ്റിയാണ് ഇവർ പുതിയ ബാറുകൾക്ക് അനുമതി നൽകിയത്. വീര്യം കൂടിയ ഫോർട്ടിഫൈഡ് വൈൻ വിവാദത്തിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. മുൻപ് ചാലക്കുടിയിലെ ബേക്കറിക്ക് ഇത്തരം വൈൻ വില്പനയ്ക്കുള്ള ലൈസൻസ് നൽകിയ ഉദ്യോഗസ്ഥനെതിരെയും നടപടി എടുത്തിരുന്നു
യു.ഡി.എഫ്. സർക്കാരിന്റെ പുതിയ മദ്യനയം പുറത്തുവരുന്നതുവരെ പുതിയ ബാറുകൾക്ക് അനുമതി നൽകരുതെന്ന കർശന നിർദേശം നിലനിൽക്കെയാണ് ഉദ്യോഗസ്ഥർ വഴിവിട്ട് ഇടപെട്ടത്. മന്ത്രിയറിയാതെ കാര്യങ്ങൾ നടത്താൻ ശ്രമിക്കുന്ന രീതികൾ തിരുത്തുമെന്നും സർക്കാരിന്റെ നയമനുസരിച്ച് മാത്രമേ തീരുമാനങ്ങൾ എടുക്കൂ എന്നും എക്സൈസ് മന്ത്രി എം. ലിജു മുന്നറിയിപ്പ് നൽകി.

