സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കിഫ്ബി പദ്ധതികൾ ഉൾപ്പെടെയുള്ള വൻകിട നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന ആരോപണം തള്ളി മന്ത്രി പി.കെ. ബഷീർ. പുതിയ സർക്കാർ ഏറ്റെടുത്ത പദ്ധതികൾ റെക്കോർഡ് വേഗത്തിലാണ് മുന്നോട്ടുപോകുന്നതെന്നും മുൻസർക്കാരിന്റെ കാലത്ത് ഊരാളുങ്കൽ ഏറ്റെടുത്ത പദ്ധതികളിൽ പലതും മന്ദഗതിയിലാണെന്നും നിയമസഭയിൽ നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 1,045 കോടി രൂപയുടെ പദ്ധതികൾ നിലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കൈവശമുണ്ടെന്ന് മന്ത്രി അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകാതെ നിർമാണം ആരംഭിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 80 ശതമാനം ഭൂമി ഏറ്റെടുത്തശേഷം മാത്രമേ ഇനി പദ്ധതികളുടെ നിർമാണം ആരംഭിക്കൂ. സൗജന്യമായി ഭൂമി ലഭ്യമാകുന്ന പദ്ധതികൾക്ക് മുൻഗണന നൽകും. മറ്റ് പദ്ധതികളിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കിഫ്ബിക്ക് നൽകിയ 24,764 കോടി രൂപയിൽ ഭൂരിഭാഗവും പൊതുമരാമത്ത് വകുപ്പിന് നേരിട്ട് ലഭിക്കേണ്ട തുകയായിരുന്നുവെന്നും ഈ തുക തിരികെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. മോട്ടോർ വാഹന നികുതി കിഫ്ബിക്ക് പകരം പൊതുമരാമത്ത് വകുപ്പിന് നേരിട്ട് ലഭ്യമാകുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ പദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ സർക്കാരിന്റെ പ്രവർത്തനവേഗത്തിന് ഉദാഹരണമായി ശബരിമല വികസന പ്രവർത്തനങ്ങളാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്. പമ്പ-ചാലക്കയം റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ നൽകാൻ വെറും 25 ദിവസം മാത്രമാണ് എടുത്തതെന്ന് മറുപടിയിൽ പറയുന്നു.
അതേസമയം, മുൻസർക്കാരിന്റെ കാലത്ത് കിഫ്ബി വഴിയും അല്ലാതെയും ഊരാളുങ്കലിന് നൽകിയ കോടിക്കണക്കിന് രൂപയുടെ പദ്ധതികളിൽ പലതും പുരോഗതിയില്ലാതെ തുടരുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം പദ്ധതികളിൽ ചിലത് ഊരാളുങ്കലിൽ നിന്ന് മാറ്റി പുതിയ ടെൻഡർ നടപടികളിലൂടെ നടപ്പാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
എട്ടുപേരുടെ ജീവൻ പൊലിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വയനാട് തുരങ്കപാതയുടെ തുടർനടപടികളിൽ ജനങ്ങളുടെ സുരക്ഷയ്ക്ക് പരമപ്രാധാന്യം നൽകുന്നതിനാലാണ് പദ്ധതി വൈകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ അവസാനഘട്ടത്തിലാണെന്നും സുരക്ഷ ഉറപ്പാക്കിയ ശേഷമേ മുന്നോട്ടുപോകൂവെന്നും മറുപടിയിൽ പറയുന്നു.
മൂന്ന് പതിറ്റാണ്ടായി പൂർത്തിയാകാതെ കിടന്ന വയനാട്-കർണാടക ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലത്തിന് രണ്ട് മാസംകൊണ്ട് കേന്ദ്രത്തിന്റെയും കർണാടക സർക്കാരിന്റെയും അനുമതി നേടാനായതും മന്ത്രി ചൂണ്ടിക്കാട്ടി. ഭൂമി വിട്ടുനൽകാൻ നാട്ടുകാർ സന്നദ്ധത അറിയിച്ചിട്ടുള്ളതിനാൽ പദ്ധതി വേഗത്തിൽ മുന്നോട്ടുകൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷ. പാലം യാഥാർഥ്യമാകുന്നതോടെ കർണാടകയിലേക്കുള്ള യാത്രാദൂരം 40 കിലോമീറ്ററോളം കുറയും.
350 പാലങ്ങളും 15,000 കിലോമീറ്റർ റോഡുകളും ലക്ഷ്യം
സംസ്ഥാനത്തെ റോഡ് അടിസ്ഥാനസൗകര്യ വികസനത്തിന് ദീർഘകാല ആസൂത്രണം ഉറപ്പാക്കാൻ റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ ഷാജഹാന്റെ നേതൃത്വത്തിൽ സർക്കാർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും കമ്മിറ്റി പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 350 പാലങ്ങളുടെ നിർമാണവും 15,000 കിലോമീറ്റർ റോഡുകൾ ബി.എം. ആൻഡ് ബി.സി നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികളും സർക്കാർ ലക്ഷ്യമിടുന്നു.
ബൈരക്കുപ്പ പാലത്തിന് പുറമെ 2,000 കോടി രൂപയുടെ പദ്ധതികൾക്ക് സർക്കാർ ഭരണാനുമതി നൽകിയതിന്റെ വിശദാംശങ്ങളും മറുപടിക്കൊപ്പം നൽകിയിട്ടുണ്ട്.
കിഫ്ബിക്ക് പൊതുമരാമത്ത് റോഡുകൾക്കായി മോട്ടോർ വാഹന നികുതിയുടെ 10 ശതമാനം നൽകിയിരുന്നുവെന്നും റോഡുകളുടെ പരിപാലനത്തിനായി കെ.ആർ.എഫ്.ബി വഴി അനുവദിക്കേണ്ട തുക മുൻസർക്കാരിന്റെ കാലത്ത് ലഭിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. പദ്ധതികൾ നടപ്പാക്കുന്നതിന് കെ.ആർ.എഫ്.ബിക്ക് സ്വന്തമായി മതിയായ ഫണ്ടും ഉണ്ടായിരുന്നില്ലെന്നും മറുപടിയിൽ വ്യക്തമാക്കി.

