ഡൽഹി: വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട എസ്.ഐ.ആർ നടപടികളുടെ ഫോം 6-ൽ വരുത്തിയ മാറ്റങ്ങളിൽ വീണ്ടും ന്യായീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വിഷയം ചൂണ്ടിക്കാട്ടിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നൽകിയ മറുപടിയിലാണ് കമ്മീഷൻ തങ്ങളുടെ നിലപാട് ആവർത്തിച്ചത്. ഫോം 6-ൽ അധികമായി ചേർത്ത ഡിക്ലറേഷൻ നിയമവിധേയമാണെന്നും ഇത് കോടതി അംഗീകരിച്ചിട്ടുള്ളതാണെന്നും ഫാക്ട് ചെക്ക് റിപ്പോർട്ടിലൂടെ കമ്മീഷൻ അവകാശപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ എക്സ് പോസ്റ്റിലെ ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. 2025 ജൂൺ 24-ലെ ബീഹാർ എസ്.ഐ.ആർ ഉത്തരവ് കമ്മീഷന്റെ ഏകകണ്ഠമായ തീരുമാനമായിരുന്നുവെന്നും, 2026 മേയ് 27-ലെ വിധിയിലൂടെ സുപ്രീം കോടതി ബീഹാർ എസ്.ഐ.ആറിന്റെ സാധുത ശരിവെച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എന്നാൽ, ഫോം 6-ൽ വരുത്തിയ വിവാദപരമായ മാറ്റങ്ങൾക്ക് തങ്ങൾ അംഗീകാരം നൽകിയിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കമ്മീഷന്റെ വാദം തള്ളിയത്.

