ന്യൂ ഡൽഹി: രാജ്യത്ത് വിവിധയിടങ്ങളിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ ഒറ്റ പ്ലാറ്റ്‌ഫോമിൽ ഒന്നിപ്പിക്കുന്നതിനായി ‘സത്യാഗ്രഹ’ എന്ന പേരിൽ പുതിയ ഡിജിറ്റൽ വെബ്‌സൈറ്റ് ലോഞ്ച് ചെയ്ത് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് സത്യത്തിന്റെയും അഹിംസയുടെയും പാതയിലുള്ള ഈ നവീന ആശയത്തിന് തുടക്കമിട്ടിരിക്കുന്നത്.
കർഷകർ, വിദ്യാർത്ഥികൾ, സ്ത്രീകൾ, തൊഴിലാളികൾ തുടങ്ങിയ വിവിധ വിഭാഗങ്ങൾക്ക് തങ്ങൾ നേരിടുന്ന അനീതികൾക്കെതിരെയുള്ള സമരവിവരങ്ങൾ രണ്ട് മിനിറ്റിനുള്ളിൽ ഈ പോർട്ടലിൽ പങ്കുവെക്കാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സമാന സമരങ്ങളെ മാപ്പിലൂടെ കണ്ടെത്താനും പരസ്പരം ബന്ധപ്പെടാനുമുള്ള സംവിധാനവും ഇതിലൂടെ ഒരുക്കിയിട്ടുണ്ട്. ഒറ്റപ്പെട്ടുപോകുന്ന പ്രക്ഷോഭ ശബ്ദങ്ങളെ കോർത്തിണക്കി ജനകീയ ഐക്യം ശക്തിപ്പെടുത്തുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

