ഗുരുവായൂർ: ടെലിവിഷൻ സീരിയൽ താരവും ബിഗ് ബോസ് മലയാളം സീസൺ 7ൽ ടൈറ്റിൽ വിന്നറുമായ അനുമോൾ ആർ.എസ് വിവാഹിതയായി. തമിഴ്നാട് സ്വദേശിയും നടനും മോഡലും ഇന്റഫ്ളുവൻസറുമായ ഭുവനേഷ് രാജേന്ദിരനാണ് വരൻ. ചൊവ്വാഴ്ച പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ, അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
‘ഞങ്ങൾ വിവാഹിതരായി’, ‘എന്റെ കല്യാണം കഴിഞ്ഞു’, ‘വിവാഹശേഷം ഞങ്ങളുടെ ആദ്യ പ്രതികരണം’ എന്നീ ക്യാപ്ഷനുകളോടെ വിവാഹ വിഡീയോസ് അനുമോൾ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്. നടനും എംപിയുമായ സുരേഷ് ഗോപിയും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് അനുമോളുടെ വിവാഹമാണെന്ന് സുഹൃത്തുക്കൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘ഒരു പുതിയ തുടക്കത്തിന്റെ ആഘോഷ’മെന്ന പേരില്‍ നടി ഇന്നലെ ചിത്രങ്ങളും പങ്കുവച്ചിരുന്നു. നിരവധിപ്പേരാണ് ഇതിന് താഴെ കമന്റ് ചെയ്തത്. അടുത്തിടെ വിവാഹത്തെക്കുറിച്ചുള്ള യൂട്യൂബ് ചാനലുകളുടെ ചോദ്യത്തിന്, ‘നാളെയാണ് കല്യാണം’ എന്നായിരുന്നു അനുമോളുടെ രസകരമായ മറുപടി. ടെലിവിഷൻ പരമ്പരകളിലൂടെയും ജനപ്രിയ കോമഡി ഷോകളിലൂടെയുമാണ് അനുമോൾ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.
അനുമോൾ തിരുവനന്തപുരം സ്വദേശിയാണ്. ഫാഷൻ, ലൈഫ് സ്റ്റൈൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇൻഫ്ലുവൻസർ ആണ് അനുവിന്റെ പങ്കാളി ഭുവനേഷ്. മോഡൽ എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

