കോട്ടയം: എന്‍എസ്എസ് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഗണേഷ് കുമാറിനെതിരെ വിമര്‍ശനുമായി സുകുമാരന്‍ നായര്‍ രംഗത്ത്. സ്വന്തം അച്ഛനെ പോലും ആക്ഷേപിച്ച ആളാണ് ഗണേഷ് കുമാര്‍ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗണേഷ് കുമാറിന്റെ സ്ഥാനവും മാനവും നിങ്ങള്‍ പരിശോധിക്കണം. സമദൂര നിലപാട് ആരും ചോദ്യം ചെയ്തിട്ടില്ല. ഗണേഷ് കുമാറും ചോദ്യം ചെയ്തിട്ടില്ല. സംഘടനയില്‍ ജനാധിപത്യം ഇല്ലെങ്കില്‍ കേസ് കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്‍എസ്എസിനെ ഇല്ലാതാക്കാന്‍ കുറെ ആളുകള്‍ കേസുമായി നടക്കുന്നുണ്ട്. അവരുടെ വാല് ആയിട്ടാണ് ഗണേഷ് കുമാര്‍ ഇപ്പോള്‍ സംസാരിക്കുന്നത്. എന്‍എസ്എസിനെതിരെ നില്‍ക്കുന്നവരെല്ലാം ഒന്നിച്ചു. ഒരാള്‍ വിചാരിച്ചാലും തനിക്കെതിരെ ഗൂഢാലോചന നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
64 വര്‍ഷമായി താന്‍ എന്‍എസ്എസിനുള്ളില്‍ കയറിയിട്ട്. ഒരു തെറ്റും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറയാനാകും. എല്ലാ സ്ഥാനങ്ങളും നഷ്ടപ്പെട്ടപ്പോഴാണ് ഗണേഷ് കുമാര്‍ ജനാധിപത്യം ഇല്ലെന്ന് പറയുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. താന്‍ അയാള്‍ക്ക് ദ്രോഹം ഒന്നും ചെയ്തിട്ടില്ല. അയാള്‍ തനിക്കൊരു ഗുണവും ചെയ്തിട്ടില്ല. ഗണേഷ് കുമാറിന്റെ ചെയ്തികളെ പറ്റി വിമര്‍ശിക്കാന്‍ ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ച ആദ്ദേഹം ജനങ്ങള്‍ അതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. അയാളുടെ മറ്റു കാര്യങ്ങളെപ്പറ്റി പ്രതികരിക്കുന്നില്ല. സമദൂരം നല്ല നിലപാട് തന്നെയാണ്. ഇതിനെ ചോദ്യം ചെയ്യാന്‍ ആരും വന്നിട്ടില്ല. അനധികൃതമായി കയറിപ്പിടിച്ചിരിക്കുന്ന ഇത്തിള്‍ക്കണ്ണികളുണ്ടെന്നും എന്നാല്‍ താന്‍ അനധികൃതമായി വന്നതല്ല തെരഞ്ഞെടുപ്പിലൂടെ ജയിച്ചു വന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

