ന്യൂഡൽഹി : അതിർത്തിയിൽ ഇന്ത്യ– ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ മരിച്ചതായി റിപ്പോർട്ടുകൾ . കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ മരിച്ചെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. 43 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായോ ഗുരുതരമായി പരുക്കേറ്റതായോ സ്ഥിരീകരിക്കാത്ത റിപ്പോർട്ടും വരുന്നുണ്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്.
ഈ റിപ്പോർട്ടു കൂടി പുറത്തു വരുന്നതോടെ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം മൂർധന്യാവസ്ഥയിലാണെന്നാണു സൂചന. അതേ സമയം അതിർത്തിയിൽ നിന്നും ഇരുരാജ്യവും സൈനികരെ പിൻവലിച്ചിട്ടുണ്ട്. . കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ സംയുക്ത സേനാമേധാവി, കര, നാവിക, വ്യോമ സേനാ മേധാവികൾ എന്നിവർ അതിർത്തിയിലെ സാഹചര്യങ്ങൾ വിലയിരുത്തി.