തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അദ്ദേഹത്തെ പൂർണ്ണമായി ന്യായീകരിച്ച് കെ. മുരളീധരൻ രംഗത്തെത്തി. മുൻ മുഖ്യമന്ത്രി കെ. കരുണാകരനാണ് ഏറ്റവും കൂടുതൽ ഹെലികോപ്റ്റർ യാത്രകൾ നടത്തിയതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, ഇതിൽ എന്ത് തെറ്റാണുള്ളതെന്നും ചോദിച്ചു. കാറിലോ ട്രെയിനിലോ സഞ്ചരിക്കുമ്പോൾ സമയബന്ധിതമായി എത്തുവാൻ കഴിയാത്ത അടിയന്തര സാഹചര്യങ്ങളിലാണ് ഹെലികോപ്റ്റർ ഉപയോഗിക്കുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.
മുൻ സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്റ്റർ ഉപയോഗിച്ചപ്പോൾ തങ്ങൾ എതിർത്തിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ മുഖ്യമന്ത്രി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്ന് മുൻ മന്ത്രി എം.ബി. രാജേഷ് ആരോപിച്ചിരുന്നു. മുൻപ് പ്രതിപക്ഷ നേതാവായിരിക്കെ, പിണറായി വിജയന്റെ ഹെലികോപ്റ്റർ ഉപയോഗത്തെ ‘ധൂർത്ത്’ എന്ന് വി.ഡി. സതീശൻ വിമർശിച്ച പശ്ചാത്തലത്തിലാണ് നിലവിലെ ആരോപണം രാഷ്ട്രീയമായി ചൂടുപിടിക്കുന്നത്.
മഴ ദുരിതവുമായി ബന്ധപ്പെട്ട് ഇന്നലെ യോഗം ചേര്‍ന്നുവെന്ന് പറഞ്ഞ മന്ത്രി ആരോഗ്യവകുപ്പ് വിജിലന്റ് ആണെന്നും വ്യക്തമാക്കി. മരുന്നെല്ലാം ശേഖരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര് സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട ഉത്തരവുകൾ ആഭ്യന്തരവകുപ്പ് അന്വേഷിക്കുന്നുണ്ടെന്നും കെ മുരളീധരൻ വ്യക്തമാക്കി.
മന്ത്രി അറിയാതെ റിപ്പോര്‍ട്ട് കൊടുത്തതില്‍ മന്ത്രി തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പഴയ സര്‍ക്കാരിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും പലസ്ഥലത്തുമുണ്ട്. അതൊക്കെ അറിഞ്ഞറിഞ്ഞ് നീക്കം ചെയ്യും. സിസ്റ്റത്തോട് സഹകരിക്കുന്നവരെ പൂര്‍ണമായും സംരക്ഷിക്കും. എന്റെ വകുപ്പിലങ്ങനെ പ്രശ്നമുണ്ടാക്കുന്നവരാരുമില്ല. ഉണ്ടായിരുന്ന ഒന്നുരണ്ടുപേരെ കസേര മാറ്റിയിരുത്തി. ബാക്കി ഒരു കുഴപ്പവുമില്ല എന്നും കെ മുരളീധരൻ പറഞ്ഞു

