കുന്ദമംഗലം: കുന്ദമംഗലം, ചാത്തമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കമ്മാണ്ടി കടവിലെ നിലവിലുള്ള വെന്റ് പൈപ്പ് പാലത്തിന് പകരം പുതിയ പാലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തീക്കുനി റെസിഡൻസ് അസോസിയേഷൻ എംഎൽഎ പി ടി എ റസാഖ് മാസ്റ്റർക്ക് നിവേദനം നൽകി.
പഴക്കം ചെന്ന നിലവിലെ പാലത്തിന്റെ കൈവരികൾ വെള്ളപ്പൊക്കത്തിൽ തകർന്ന നിലയിലാണെന്നും ഏത് സമയത്തും അപകടം സംഭവിക്കാവുന്ന സാഹചര്യമാണുള്ളതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പുതിയ പാലം നിർമ്മിക്കുന്നതിനാവശ്യമായ സോയിൽ ടെസ്റ്റും എസ്റ്റിമേറ്റും പൊതുമരാമത്ത് വകുപ്പ് (ബ്രിഡ്ജസ് വിഭാഗം) തയ്യാറാക്കിയിട്ടുണ്ടെങ്കിലും കഴിഞ്ഞ സർക്കാർ ഫണ്ട് അനുവദിച്ചിരുന്നില്ലെന്നും അസോസിയേഷൻ അറിയിച്ചു.
കൊടുവള്ളി, പടനിലം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, എം.വി.ആർ. ആശുപത്രി, എൻ.ഐ.ടി. എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഈ റോഡ് വ്യാപകമായി ഉപയോഗിക്കുന്നതിനാൽ പുതിയ പാലം അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
തീക്കുനി റെസിഡൻസ് അസോസിയേഷന്റെ സമ്പൂർണ ജനറൽ ബോഡി യോഗം എം.എൽ.എ പി. ടി. എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ. പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. എ. പി. രാധാകൃഷ്ണൻ, ദീപ, മോഹനൻ പുളിക്കമണ്ണിൽ, ഷിബു കുഴിമണ്ണിൽ, ശ്രീനിവാസൻ മാസ്റ്റർ, ബിജു പുളിയത്തിങ്ങൽ, അനീഷ് കിളിയൻപിലാക്കിൽ എന്നിവർ സംസാരിച്ചു.
യോഗത്തിൽ പുതിയ ഭാരവാഹികളായി കെ. പി. ബാബുരാജ് (പ്രസിഡന്റ്), അനീഷ് കിളിയൻപിലാക്കിൽ (ജനറൽ സെക്രട്ടറി), ബിജു എ. പി. (ട്രഷറർ), ഷിബു കുഴിമണ്ണിൽ (ജോയിന്റ് സെക്രട്ടറി), മിഥുൻ (വൈസ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു. വനിതാ വിംഗ് ഭാരവാഹികളായി ശോഭന തീക്കുനി (സെക്രട്ടറി), റിജു ടീച്ചർ ചാണാട്ട് എന്നിവർക്ക് ചുമതല നൽകി.
കമ്മാണ്ടി കടവിൽ പുതിയ പാലം അനുവദിക്കണം; എംഎൽഎയ്ക്ക് നിവേദനം നൽകി

