ഫയർഫോഴ്‌സിൽ ഉദ്യോഗസ്ഥർ റീൽസ് ചിത്രീകരിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഡയറക്ടർ ജനറൽ ഉത്തരവിറക്കി. യൂണിഫോം ധരിച്ചും ഔദ്യോഗിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചും സോഷ്യൽ മീഡിയയ്ക്കായി റീൽസുകൾ ചിത്രീകരിക്കുന്നതിനാണ് വിലക്ക്. നിയമം ലംഘിക്കുന്ന സേനാംഗങ്ങൾക്കെതിരെ കർശനമായ വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജോലി സമയത്തോ യൂണിഫോം ധരിച്ചോ റീൽസുകൾ ചിത്രീകരിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് അധികൃതർ ഇത്തരമൊരു തീരുമാനമെടുത്തത്. വകുപ്പിന്റെ സൽപ്പേരിന് കളങ്കം ചാർത്തുന്നതോ സേവനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതോ ആയ വീഡിയോകൾ നിർമ്മിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡയറക്ടർ ജനറൽ ചൂണ്ടിക്കാട്ടി.
വകുപ്പിന്റെ ഔദ്യോഗിക പ്രവർത്തനങ്ങളും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായുള്ള സന്ദേശങ്ങളും പ്രചരിപ്പിക്കാൻ മാത്രം റീൽസുകൾ ഉപയോഗിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

