ജൂൺ 19 – ദേശീയ വായന ദിനം. കാലം മാറുന്നതിനനുസരിച്ച് വായനയുടെ രീതികൾ മാറിയേക്കാം. എന്നാൽ വായനയുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. മാർഗ്ഗം ഏതായാലും വായന മരിക്കുന്നില്ല.
മലയാളിയ്ക്ക് വായനയുടെ വിശാലമായ ലോകം തുറന്നു തന്ന പി.എൻ. പണിക്കരുടെ ചരമ ദിനമാണ് ജൂൺ 19 . ഒരു ഗ്രന്ഥകാരനായി ജീവിതം തുടങ്ങിയ പി. എൻ. പണിക്കർ ജനങ്ങളിൽ വായനയുടെ വിത്തുകൾ പാകുന്നതിന്ഏറ്റവും മികച്ച രീതിയിൽ സ്വാധീനം ചെലുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി അടുത്ത ഒരാഴ്ചക്കാലം വായനാ വാരമായും ആചരിക്കുന്നു.
വാളിനേക്കാൾ മൂർച്ചയാണ് വാക്കുകൾക്ക്, അതുകൊണ്ടു തന്നെ വാക്കുകൾ ഇഴ ചേർത്തുവെച്ച പുസ്തകങ്ങളുടെ വായനയാണ് മനുഷ്യന്റെ മാനസിക വളർച്ചയ്ക്ക് ഏറ്റവും അനിവാര്യം. ഒരു നല്ല പുസ്തകം ഒരു മികച്ച സുഹൃത്തിന് തുല്യമാണ്. ലോകം എത്ര മാറിയാലും വായനയുടെ പ്രാധാന്യം കുറയുന്നില്ല, ഓരോ കാലത്തെയും സാഹസാഹര്യങ്ങൾക്കനുസരിച്ച് വായനയുടെ രീതികൾ മാറിയേക്കാം, തൊട്ടടുത്ത ലൈബ്രറിയായിരുന്നു പഴയ തലമുറയിലെ ആളുകളുടെ വായനാ വേദി. അവിടെയുള്ള പല തരത്തിലുള്ള പുസ്തകങ്ങൾ വായിച്ചും അറിവ് പങ്കിട്ടുമാണ് മുൻ തലമുറ വായനയുടെ വിശാല ലോകത്തേയ്ക്ക് നടന്നുകയറിയിരുന്നത്. എന്നാൽ കാലം മാറിയപ്പോൾ ലൈബ്രറിയുടെ പ്രാധാന്യം താരതമ്യേന കുറയുകയും വായനയുടെ രീതിയിൽ ചില വ്യത്യാസങ്ങൾ സംഭവിക്കുകയും ചെയ്തു.
ലൈബ്രറിയിൽ നിന്ന് അകന്നു തുടങ്ങിയവർ സ്വന്തമായി പുസ്തകങ്ങൾ വാങ്ങി വായനയുടെ ചെറിയ ലോകം രൂപപ്പെടുത്തി തുടങ്ങി. പുതിയ തലമുറ വായനയിൽ അല്പം പിറകിലാണെന്നു പൊതുവെ വിലയിരുത്തൽ ഉണ്ടെങ്കിലും പുസ്തകങ്ങളെ ഡിജിറ്റൽ രൂപത്തിൽ സ്വീകരിച്ചു തുടങ്ങിയെന്നത് ഭാവിയിലെ വായനയ്ക്ക് പ്രതീക്ഷ പകരുന്നതാണ്, മാർഗം ഏതായാലും വായന മരിക്കുന്നില്ല എന്ന വലിയ പ്രത്യാശ.
പുസ്തകങ്ങളിലൂടെയുള്ള അറിവുകൾക്ക് ചില പരിമിതികളുണ്ട്. എന്നാല് ഓൺലൈനിൽ പരിമിതികളില്ല. എങ്കിലും പുസ്തകങ്ങളുടെ മണവും സ്പർശനവുമുള്ള വായന ഒരിക്കലും ഇതിൽ നിന്നും നമ്മുക്ക് ലഭിക്കില്ല. വായിക്കുക. ചിന്തിക്കാനും ചിന്തിപ്പിക്കാനുമായി വായിക്കുക. വായനകൊണ്ട് ഒരു ലോകം തന്നെ മാറ്റിമറിക്കാം. വായിച്ചു വായിച്ചു വളരാം

