കോഴിക്കോട് : കുന്ദമംഗലത്തെ പന്തീർപാടത്ത് ലഹരിയിൽ എത്തിയ വികലാംഗനായ യുവാവ് നാട്ടുകാർക്ക് നേരെ അക്രമം അഴിച്ചു വിട്ടു. കോഴിക്കോട് ജില്ലയ്ക്കു കീഴിൽ നിരവധി കേസുകളിൽ പ്രതിയായ അൽത്താഫാണ് അക്രമം അഴിച്ചു വിട്ടത്. സംഭവമറിഞ്ഞ് പിടികൂടാൻ പോലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും നാട്ടുകാർക്കും പോലീസുകാർക്കും നേരെ തുപ്പി പ്രതിരോധിക്കുകയാണ് ഇയാൾ.
ഇന്ന് രാത്രി 9 മണിയോടെ പന്തീർപാടത്ത് ഒരാളുടെ ബൈക്കിൽ എത്തിയ ഇയാൾ റോഡിലൂടെ പോകുന്ന ആളുകൾക്ക് നേരെ കല്ലു കൊണ്ടും മറ്റു വസ്തുക്കൾ കൊണ്ടും ആക്രമിക്കുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ പോലീസിനെ വിവരം അറിയിച്ചു. പക്ഷെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാർക്ക് നേരെ ഇയാൾ തുപ്പുകയായിരുന്നു. കോവിഡ് സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഉദ്യോഗസ്ഥർക്ക് അടുക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇതേ തുടർന്ന് പ്രത്യേക മെഡിക്കൽ സംഘത്തെ വിവരം അറിയിക്കുകയും സംഘം സ്ഥലത്ത് എത്തി ഇയാളെ കൊണ്ടു പോകുമെന്നാണ് ലഭ്യമാകുന്ന വിവരം. തുടർന്ന് അഗ്നിശമന സേന പരിസരം അണു നശീകരണം നടത്തും.
ഇയാൾ വലിയ രീതിയിൽ ലഹരി ഉപയോഗിച്ചാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. സംഭവം അറിഞ്ഞ സമയം കളക്ടറെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം മറ്റൊരു നമ്പർ നൽകുകയും വിളിക്കാനും പറഞ്ഞുവെങ്കിലും. നൽകിയ നമ്പർ പ്രതികരിച്ചിരുന്നില്ലായെന്ന് നാട്ടുകാർ പറയുന്നു.